രാജസ്ഥാന്: പത്തു വയസ്സുള്ള പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്നതിന് ശേഷം മധ്യവയസ്കനും ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ബര്‍മാര്‍ ജില്ലയിലാണ് സംഭവം. ദുര്‍മന്ത്രവാദത്തിനായാണ് പെണ്‍കുട്ടിയെ ചുട്ടുകൊന്നതെന്നാണ് പൊലീസ് കരുതുന്നത്.
വെള്ളിയാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ബര്‍മാര്‍ പൊലീസ് സ്റ്റേഷനില്‍ നാട്ടുകാര്‍ സംഭവത്തെ കുറിച്ച് അറിയിക്കുകയായിരുന്നു. ബര്മാറിലെ സുജോന്‍ കാ നിവാന്‍ ഗ്രാമത്തിലാണ് സംഭവം. കിസ്തുറാം ഭീല്‍ എന്നയാളാണ് മരിച്ചത്.
ഗ്രാമത്തിലെ ഒഴിഞ്ഞ സ്ഥലത്തുള്ള കുഴിയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ,
“കിസ്തുറാം ഭീല്‍ തന്റെ മകള്‍ ഉള്‍പ്പെടെ രണ്ട് പെണ്‍കുട്ടികളെ നേരത്തേ തയ്യാറാക്കിയ കുഴിയിലേക്ക് വലിച്ചിടുകയായിരുന്നു”. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി വിവരം നാട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തിയപ്പോള്‍ കിസ്തുറാം പെണ്‍കുട്ടിയെ ദേഹത്ത് തീ കത്തിച്ചതിന് ശേഷം സ്വയം തീ കൊളുത്തുകയായിരുന്നു.
ഗ്രാമത്തിലെ രാമചന്ദ്ര ഭീല്‍ എന്നയാളുടെ മകളാണ് കൊല്ലപ്പെട്ട പത്തു വയസ്സുള്ള പെണ്‍കുട്ടി. ദുര്‍മന്ത്രവാദത്തിനായാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്.
സംഭവത്തില്‍ കേസെടുത്ത പൊലീസ് കിസ്തുറാമിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ദുര്‍മന്ത്രവാദിയാണെന്നാണ് പ്രാഥമദൃഷ്ട്യാ തെളിയുന്നതെന്ന് പൊലീസ് പറയുന്നു.
സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.