2022 -ലെ പത്മ(Padma) പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ അക്കൂട്ടത്തിൽ നിരക്ഷരനായ ഒരു സാധുതൊഴിലാളിയുടെ പേരും ഉൾപ്പെട്ടിരുന്നു. കർണാടകയിൽ നിന്നുള്ള അമൈ മഹാലിംഗ നായിക്ക്(Amai Mahalinga Naik). കാർഷികരംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് 77 വയസ്സുള്ള അദ്ദേഹത്തിന് ഈ പുരസ്‌കാരം ലഭിച്ചത്. മംഗളൂരുവിൽ നിന്ന് കുറച്ച് അകലെയുള്ള കേപ്പു ഗ്രാമത്തിൽ രണ്ട് ഏക്കറോളം വരുന്ന തരിശായി കിടന്നിരുന്ന ഭൂമി അദ്ദേഹം സ്വന്തം അധ്വാനത്തിൽ സമൃദ്ധമായ ജൈവകൃഷിയിടമാക്കി മാറ്റി. ഇന്ന് ‘ടണൽ മാൻ’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ജീവിതം ഒരു ഒറ്റയാൾ പോരാട്ടമായിരുന്നു.

ഇന്ന് നായിക്കിന്റെ ഫാമിൽ 300 -ലധികം കവുങ്ങുകളും, തെങ്ങുകളും, കശുമാവുകളും, വാഴകളും, കുരുമുളക് വള്ളികളും ഒക്കെയുണ്ട്. എന്നാൽ, 40 വർഷം മുമ്പ്, ആ ഭൂമി പൂർണ്ണമായും തരിശായിരുന്നു. വരണ്ട ആ ഭൂമിയെ നനക്കാൻ ഒരു തുള്ളി വെള്ളം പോലും എങ്ങും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഒരാളുടെ അധ്വാനഫലമാണ് ഇന്ന് ആ മണ്ണിൽ കാണുന്നതെല്ലാം. നായിക്ക് എന്ന കൂലിത്തൊഴിലാളി, ടണൽമാനായ കഥ വളരെ പ്രചോദനാത്മകമാണ്. ഈന്തപ്പനകളും തെങ്ങുകളും വളരുന്ന ഒരു ഫാമിലെ കൂലിപ്പണിക്കാരനായിരുന്നു ആദ്യം നായിക്ക്. അദ്ദേഹത്തിന്റെ കഠിനാധ്വാനവും അർപ്പണബോധവും ഫാമിന്റെ ഉടമയായ മഹാലിംഗ ഭട്ടിനെ വല്ലാതെ ആകർഷിച്ചു.

നായിക്കിന്റെ ആത്മാർത്ഥതയിൽ സന്തുഷ്ടനായ ഭൂവുടമ 1978 -ൽ അദ്ദേഹത്തിന് രണ്ടേക്കർ ഭൂമി സമ്മാനമായി നൽകി. ഒരു കുന്നിന്റെ മുകളിൽ തരിശായി കിടന്നിരുന്ന ഒന്നായിരുന്നു അത്. ഒരു ചെടി പോലും വളരാത്ത ആ പാറക്കെട്ടുകൾക്കിടയിൽ ഒരു കവുങ്ങും തോട്ടമുണ്ടാക്കാൻ അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ, ഈ സ്വപ്നം കേട്ട് നാട്ടുകാരെല്ലാം അദ്ദേഹത്തെ കളിയാക്കി ചിരിച്ചു. വെള്ളമില്ലാത്ത ഈ മൊട്ടക്കുന്നിൽ നീ എന്ത് ചെയ്യാനാണ് എന്ന് നാട്ടുകാർ പരിഹസിച്ചു. അധ്വാനിക്കാനുള്ള ഒരു മനസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആകെയുണ്ടായിരുന്ന സമ്പാദ്യം.

padma winning karnataka farmer Amai Mahalinga Naik

തരിശായ ഭൂമിയിൽ വെള്ളമെത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ദൗത്യം. ജലസേചനത്തിനായി വലിയ തുക ചെലവഴിക്കാനുള്ള കഴിവോ, സാങ്കേതിക പരിജ്ഞാനമോ ഒന്നും നായിക്കിനില്ലായിരുന്നു. അതുകൊണ്ട് തന്നെ, പുരാതന ജലസംഭരണ രീതിയായ സുരംഗയെ (തുരങ്കം) ആശ്രയിക്കാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ അദ്ദേഹം ആദ്യത്തെ തുരങ്കം കുഴിക്കാൻ തുടങ്ങി. ഇതിനായി ഒരുപാട് ബുദ്ധിമുട്ടുകൾ അദ്ദേഹം സഹിച്ചു. കഠിനാധ്വാനവും അഭിനിവേശവും അർപ്പണബോധവും വഴി നാല് വർഷത്തിൽ ഒന്നിന് പിറകെ ഒന്നായി അഞ്ച് തുരങ്കങ്ങൾ അദ്ദേഹം കുഴിച്ചു. പക്ഷേ, ഒരു തുള്ളി വെള്ളം പോലും അദ്ദേഹത്തിന് കണ്ടെത്താനായില്ല. കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുക എന്നത് അപ്പോഴും ഒരു വിദൂര സ്വപ്നമായി തുടർന്നു.

ഒരു ഗുണവുമില്ലാതെ ഇങ്ങനെ തുരങ്കങ്ങൾ കുഴിച്ച് കഷ്ടപ്പെടുന്ന അദ്ദേഹത്തെ കണ്ട് ആളുകൾ അദ്ദേഹത്തിന് ഭ്രാന്താണെന്ന് വിലയിരുത്തി. പലരും അദ്ദേഹത്തെ പരസ്യമായി ഭ്രാന്തൻ എന്ന് വിളിക്കുക പോലും ചെയ്തു. തുരങ്കങ്ങളുടെ എണ്ണം ഒടുവിൽ ആറായി. തന്റെ നാല് വർഷത്തെ കഠിനാധ്വാനം വെറുതെയായി പോകുമോ എന്നദ്ദേഹം ഒരു ഘട്ടത്തിൽ ഭയന്നു. പക്ഷേ, വിജയം കാണാതെ തന്റെ ഉദ്യമത്തിൽ നിന്ന് പിന്മാറാൻ അദ്ദേഹം തയ്യാറായില്ല. ഒന്നുങ്കിൽ വെള്ളം കണ്ടെത്തുക, അല്ലെങ്കിൽ അവിടെ കിടന്ന് മരിക്കുക എന്ന അടിയുറച്ച തീരുമാനത്തിൽ അദ്ദേഹം എത്തിച്ചേർന്നു. ചിലപ്പോൾ നേരം ഇരുട്ടിയിട്ടും വീട്ടിൽ എത്താത്ത ഭർത്താവിനെ തേടി ഭാര്യ ഇറങ്ങും. നേരം വൈകി എന്ന് പോലും തിരിച്ചറിയാതെ തുരങ്കം കുഴിക്കുന്ന ഭർത്താവിനെയാണ് അവൾ അവിടെ കാണുക. ഒടുവിൽ ഏഴാമത്തെ തുരങ്കം കുഴിച്ചതോടെ ഒരു നീരുറവ അദ്ദേഹം കണ്ടെത്തി. അദ്ദേഹത്തിന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ഈ തുരങ്കം തന്റെ വീടുമായി ബന്ധിപ്പിച്ച്, തന്റെ വീട്ടുവാതിൽക്കൽ വെള്ളം ലഭിക്കുന്നുണ്ടെന്ന് നായിക് ഉറപ്പുവരുത്തി. പിന്നീട് തരിശായ ഭൂമിയിൽ അദ്ദേഹം കൃഷിയിറക്കി. വെള്ളം എത്തിച്ചും വിളകൾ നനച്ചും അദ്ദേഹം കൃഷി വളർത്തി. ഇന്ന് വേനൽക്കാലത്തിന്റെ ഉച്ചിയിൽ പോലും, ഒരു ദിവസം 6,000 ലിറ്റർ വെള്ളം വരെ അദ്ദേഹത്തിന് ലഭിക്കുന്നു. അത് ഒരു സിമന്റ് സംഭരണ ടാങ്കിലേക്ക് അദ്ദേഹം ഒഴുക്കുന്നു. അദ്ദേഹത്തിന്റെ ഈ വിജയഗാഥ ഗ്രാമങ്ങളും, നഗരങ്ങളും താണ്ടി വിദേശ രാജ്യങ്ങളിൽ വരെ എത്തി.

നായിക്കും ഭാര്യയും തങ്ങളുടെ ഭൂമിയെ പരിപാലിക്കാൻ തുടങ്ങിയിട്ട് 40 വർഷത്തിലേറെയായി. ഒരിക്കൽ തരിശായി കിടന്നിരുന്ന ഭൂമി ഇന്ന് ഹരിതസമ്പുഷ്ടമാണ്. വിദ്യാഭ്യാസമോ, വലിയ അറിവോ, വിഭവങ്ങളോ ഒന്നുമില്ലെങ്കിലും, കഠിനാധ്വാനത്തിലൂടെ, വരുന്ന എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാനും അസാധ്യമായതിനെ യാഥാർത്ഥ്യമാക്കി മാറ്റാനും കഴിയുമെന്ന് നായിക്ക് തെളിയിക്കുന്നു.