റായ്പൂർ : ഛത്തീസ്ഗഡിൽ യുവാവിനെ കമ്യൂണിസ്റ്റ് ഭീകരർ ക്രൂരമായി കൊലപ്പെടുത്തി. ബത്തെർ ഗ്രാമവാസിയായ മാണ്ടവി ദേവയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
പോലീസിന് രഹസ്യവിവരം നൽകുന്ന ആളെന്ന് തെറ്റിദ്ധരിച്ചാണ് ദേവയെ കൊലപ്പെടുത്തിയത്. സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയ ദേവയെ തിരിച്ചുവരുന്ന വഴി തടഞ്ഞു നിർത്തി കമ്യൂണിസ്റ്റ് ഭീകരർ പിടിച്ചുകൊണ്ടു പോകുകയായിരുന്നു. 25 ഓളം കമ്യൂണിസ്റ്റ് ഭീകരർ സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. തുടർന്ന് ഇവർ പോലീസിനെ അറിയിച്ചു.

പോലീസും പ്രദേശവാസികളും രാത്രിയുടനീളം ദേവയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് രാവിലെയാണ് ദേവയുടെ മൃതദേഹം വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

നേരത്തെ ദേവയുടെ പിതാവിനെയും, സഹോദരനെയും കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തിയിരുന്നു. പോലീസുകാർക്ക് വിവരം ചോർത്തി നൽകുന്നുവെന്ന് ആരോപിച്ചായിരുന്നു ഇരുവരെയും കൊലപ്പെടുത്തിയത്