തൃശ്ശൂർ : മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹങ്ങൾ മാറി നൽകി. ചേറ്റുവ സ്വദേശി സഹദേവൻ, വടക്കാഞ്ചേരി സ്വദേശി സെബാസ്റ്റ്യൻ എന്നിവരുടെ മൃതദേഹങ്ങൾ ആണ് മാറി നൽകിയത്. സംഭവത്തിൽ രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.

വ്യാഴാഴ്ച രാവിലെയോടെയാണ് കൊറോണ ബാധിച്ച് സഹദേവനും സെബാസ്റ്റ്യനും മരിച്ചത്. രാവിലെ സഹദേവന്റെ ബന്ധുക്കൾ എത്തിയപ്പോൾ സെബാസ്റ്റ്യന്റെ മൃതദേഹം നൽകുകയായിരുന്നു. പിന്നീട് ഉച്ചയോടെ സെബാസ്റ്റ്യന്റെ ബന്ധുക്കൾ ആശുപത്രിയിൽ എത്തി. എന്നാൽ മൃതദേഹം കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സഹദേവന്റെ മൃതദേഹം കണ്ടതോടെയാണ് മൃതദേഹങ്ങൾ മാറി നൽകിയ വിവരം മനസ്സിലായത്.

മൃതദേഹം മാറിപ്പോയ വിവരം അറിയിക്കാൻ സഹദേവന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോഴേക്കും സംസ്‌കാര ചടങ്ങുകൾ പൂർത്തിയായിരുന്നു. ഉടൻ തന്നെ സെബാസ്റ്റ്യന്റെ ബന്ധുക്കളും ആശുപത്രി അധികൃതരും സഹദേവന്റെ വീട്ടിലെത്തി. ആശുപത്രി അധികൃതരും ഇരുവരുടെയും ബന്ധുക്കളും തമ്മിൽ വലിയ വാക്കുതർക്കമാണ് പിന്നീട് ഉണ്ടായത്. ചിതാഭസ്മമെങ്കിലും തങ്ങൾക്ക് വേണമെന്ന് സെബാസ്റ്റ്യന്റെ ബന്ധുക്കൾ നിലപാടെടുത്തതോടെ പ്രശ്‌നം പരിഹരിക്കപ്പെട്ടു.

കൃത്യമായ പരിശോധനകൾ ഇല്ലാതെ മൃതദേഹം കൈമാറിയതാണ് മൃതദേഹങ്ങൾ മാറി പോകാൻ കാരണമായത്.