ടോറന്റോ : റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി പ്രത്യേകം ആശംസിച്ചതിൽ സന്തോഷമറിയിച്ച് കനേഡിയൻ എഴുത്തുകാരൻ ഡോ.ഗാദ് സാദ്. റിപ്പബ്ലിക് ദിനാശംസകൾ നേർന്നുകൊണ്ട് പ്രധാനമന്ത്രി നിരവധി പ്രുഖർക്ക് കത്തയച്ചിരുന്നു. ഇത് സ്വീകരിച്ചതിന് പിന്നാലെയാണ് സന്തോഷം അറിയിച്ചുകൊണ്ട് സാദ് രംഗത്തെത്തിയത്. താൻ ട്വിറ്ററിൽ ഫോളോ ചെയ്ത ആദ്യത്തെ രാഷ്ട്രീയക്കാരനാണ് നരേന്ദ്ര മോദിയെന്ന് സാദ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ കത്തും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ‘പ്രിയപ്പെട്ട ഗാഡ് സാദിന് ഇന്ത്യയിൽ നിന്നും നമസ്തേ! എല്ലാ വർഷവും ജനുവരി 26 നാണ് ഞങ്ങൾ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഭരണഘടനാ അസംബ്ലിയുടെ വിപുലമായ ചർച്ചകൾക്ക് ശേഷം ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസമാണിത്. ഈ ദിവസം നിങ്ങൾക്ക് റിപ്പബ്ലിക് ദിന ആശംസകൾ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വർഷം ജനുവരി 26 ന് കൂടുതൽ പ്രത്യേകതയുണ്ട്, ഇന്ത്യ ബ്രിട്ടീഷുകാരുടെ കോളനിവത്ക്കരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയിട്ട് 75 വർഷം ആഘോഷിക്കുന്ന വേളയിണിത്. ഇന്ത്യയോടുള്ള നിങ്ങളുടെ സ്നേഹവും നന്ദിയും, ഞങ്ങളുടെ രാജ്യവുമായും അടുത്ത് പ്രവർത്തിക്കുന്നത് നിങ്ങൾ തുടരുമെന്ന പ്രതീക്ഷയുമാണ് എന്നെ ഈ കത്ത് എഴുതിച്ചത്.
ചിന്തയുടെ അതിരുകൾ ഭേദിച്ചുകൊണ്ടാണ് എഴുത്തുകാരും ചിന്തകരും സമൂഹത്തെ സേവിക്കുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ, ഇത്തരക്കാർ കൂടുതൽ സാഹസികതയിൽ ഏർപ്പെടുകയും മറ്റുള്ളവരെ തങ്ങളോടൊപ്പം കൊണ്ടുപോകുകയും ചെയ്യുന്നവരാണ്. നിങ്ങളുടെ പുസ്തകങ്ങളും ചിന്തകളും നിരവധി ആളുകളെ സ്വയം മനസ്സിലാക്കാൻ സഹായിച്ചിട്ടുണ്ട്. ചരിത്രപരമായ സാമൂഹിക-സാമ്പത്തിക പരിവർത്തനങ്ങളുടെ ഒരു പരമ്പരയ്ക്കാണ് ഇന്ത്യ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. ഇവ ആഗോള നന്മയ്ക്ക് കൂടുതൽ സംഭാവന നൽകുമെന്നും എനിക്ക് ഉറപ്പുണ്ട്.’ പ്രധാനമന്ത്രി കത്തിൽ പറഞ്ഞു
ഇതിന് പിന്നാലെയാണ് സാദ് സന്തോഷമറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇന്ന് പ്രധാനമന്ത്രി മോദിയിൽ നിന്ന്് ലഭിച്ച അവിശ്വസനീയമായ കത്തിന് നന്ദിയറിയിച്ചുകൊണ്ട് താൻ സാദ് ട്രൂത്ത് എന്ന വീഡിയോ ഷെയർ ചെയ്യുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.