ഗുരുവായൂ‍ർ ക്ഷേത്രത്തിൽ മഹീന്ദ്രാ കമ്പനി വഴിപാടായി നൽകിയ ഥാർ ജീപ്പ് ലേലം ചെയ്ത നടപടി ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം നൽകിയ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. ജീപ്പിൻറെ ലേല വിശദാംശങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി ഗുരുവായൂർ ദേവസ്വം ബോർഡിന് നിർദേശം നൽകി. ജീപ്പിൻറെ വില അടക്കമുള്ള വിവരങ്ങൾ അറിയിക്കണമെന്നാണ് കോടതി നിർദ്ദേശം. ഹർജി ഹൈക്കോടതി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി. (thar auction high court)

ലേലം പിടിച്ച അമൽ മുഹമ്മദലിക്ക് ​ഗുരുവായൂർ ദേവസ്വം ബോർഡ് ഇതുവരെ വാഹനം കൈമാറിയില്ല. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം കമ്മീഷണറാണെന്ന് ചെയർമാൻ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. ദേവസ്വം കമ്മീഷണർക്ക് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് അനുമതി വൈകുന്നത്.

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാർ അമൽ മുഹമ്മദലിക്ക് തന്നെ കൈമാറുമെന്ന് ഡിസംബർ 21ന് തീരുമാനമെടുത്തതായിരുന്നു. ഗുരുവായൂർ ദേവസ്വം ഭരണ സമിതി യോഗത്തിലായിരുന്നു തീരുമാനം.

15 ലക്ഷം രൂപ ദേവസ്വം അടിസ്ഥാന വിലയിട്ട വാഹനം 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് പ്രവാസിയായ എറണാകുളം സ്വദേശി അമൽ സ്വന്തമാക്കിയത്. ജിഎസ്ടി ഉൾപ്പടെ പതിനെട്ടു ലക്ഷത്തോളം രൂപ വരും. വാഹനത്തിന് ഇരുപത്തിയൊന്ന് ലക്ഷം രൂപവരെ നൽകാൻ തയ്യാറായിരുന്നു എന്ന് അമൽ മുഹമ്മദലിയുടെ പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചതോടെ, ലേലം ഉറപ്പിച്ചത് താൽക്കാലികമായി മാത്രമാണെന്നും അന്തിമ തീരുമാനം ഭരണ സമിതിയുടെതാണെന്നുമായിരുന്നു ദേവസ്വം ചെയർമാന്റെ നിലപാട്.

ഇതോടെയാണ് സംഭവം വിവാദമായത്. രാവിലെ 10 മണിക്ക് ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസിന്റെ അധ്യക്ഷതയിൽ ദേവസ്വം കാര്യാലയത്തിലാണ് യോഗം ചേർന്നത്. തുടർന്ന് 15 ലക്ഷത്തി പതിനായിരം രൂപയ്ക്ക് വാഹനം അമൽ മുഹമ്മദിന് കൊടുക്കാനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചത്. ജിഎസ്ടി ഉൾപ്പടെ 18 ലക്ഷത്തോളം രൂപ വരും. എന്നാൽ ഈ തീരുമാനങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് അമൽ മുഹമ്മദലിക്ക് വാഹനം കൈമാറുന്നത് താമസിപ്പിക്കുന്നത്.