പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ (Bro Daddy) നാളെ പ്രദര്‍ശനത്തിനെത്താനിരിക്കുകയാണ്. പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിലും മോഹൻലാല്‍ തന്നെയാണ് നായകൻ എന്നതിനാല്‍ എല്ലാവരും ആകാംക്ഷയിലാണ്. ബ്രോ ഡാഡി ചിത്രത്തില്‍ പൃഥ്വിരാജ് മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നുമുണ്ട്. ‘ബ്രോ ഡാഡി’ ചിത്രം പ്രദര്‍ശനത്തിനെത്താനിരിക്കേ വിശേഷങ്ങളുമായി കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.

ഞാൻ ആകസ്‍മകമായി ഒരു സംവിധായകൻ ആയി മാറിയതാണ്. സ്വന്തം രീതിയില്‍ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ‘ലൂസിഫര്‍’ ഞാൻ സംവിധാനം ചെയ്യണമെന്ന് മുരളി ഗോപി ചിന്തിച്ചതുകൊണ്ടാണ് സംഭവിച്ചത്. എന്നെ വിശ്വസിച്ചു. ‘ബ്രോ ഡാഡി’ സിനിമയുടെ തിരക്കഥാകൃത്തുക്കളായ ബിബിനും ശ്രീജിത്തും വിവേക് രാമദേവൻ വഴിയാണ് എന്നിലേക്ക് എത്തുന്നത്. എന്തുകൊണ്ടാണ് അവര്‍ സിനിമയ്‍ക്ക് ഞാൻ യോജിച്ചതാണെന്ന് ആലോചിച്ചതെന്ന് ഇപ്പോഴും എനിക്ക് അറിയില്ല. പക്ഷേ അവര്‍ അങ്ങനെ ആലോചിച്ചതില്‍ ഞാൻ സന്തോഷവാനാണ്. ‘ബ്രോ ഡാഡി’ സിനിമ ‘ലൂസിഫറി’ല്‍ നിന്ന് വളരെ വ്യത്യസ്‍തമാണ്. അതുകൊണ്ടുതന്നെ അത്തരം സിനിമ ചെയ്യാൻ പൂര്‍ണമായും മാറിചിന്തിക്കണം.  ആവേശമുള്ള ഒരു റിസ്‍കാണ് ഇത്. ഞാനത് ചെയ്‍തു. എന്നില്‍ ലാലേട്ടൻ വിശ്വസിച്ചതിന് അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കും. ആന്റണി പെരുമ്പാവൂര്‍ തനിക്ക് ഒപ്പം നിന്നു. സാങ്കേതികപ്രവര്‍ത്തകര്‍, അസിസ്റ്റന്റ്സ്, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവരോടും നന്ദി. മികച്ച അഭിനേതാക്കളും തനിക്കൊപ്പം നിന്നതില്‍ നന്ദിയെന്നും പൃഥ്വിരാജ് പറയുന്നു. ‘ബ്രോ ഡാഡി’ ചിത്രത്തിന്റെ ഷൂട്ടിംഗില്‍ ഒരുപാട് തമാശകളുണ്ടായി കാണുമ്പോള്‍ നിങ്ങള്‍ക്കും അത് അനുഭവിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പൃഥ്വിരാജ് പറയുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ‘ബ്രോ ഡാഡി’യെന്ന് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. കോമഡിക്ക് പ്രധാന്യമുള്ളതാണ് ചിത്രമെന്ന് പുറത്തിറങ്ങിയ ട്രെയിലറിൽ നിന്ന് വ്യക്തമായിരുന്നു.

ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ വഴിയാണ് ജനുവരി 26 ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, കല്യാണി പ്രിയദര്‍ശൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. മോഹൻലാലിന്റെ ജോഡിയായി മീന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പൃഥ്വിരാജിന്റെ നായിക കല്യാണി പ്രിയദര്‍ശനാണ്. ‘ബ്രോ ഡാഡി’ ചിത്രത്തിന്റെ ഓഡിയോഗ്രാഫി എം ആര്‍ രാജകൃഷ്‍ണനാണ്.