ചെന്നൈ: തമിഴ് ടിവി താരം ചിത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ മാതാവിന്റെ ആരോപണം. മകളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്നും മര്‍ദ്ദിക്കാറുണ്ടെന്നും അന്വേഷണം വേണമെന്നും മാതാവ് ആവശ്യപ്പെട്ടു. വിജയ് ടിവിയിലെ ‘പാണ്ഡ്യന്‍ കഥകള്‍’ എന്ന സീരിയലില്‍ അഭിനയിക്കുന്ന 29കാരിയായ ചിത്രയെ ചെന്നൈയ്ക്കു സമീപത്തെ ഹോട്ടലില്‍ ബുധനാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചിത്രയുടെ ഭര്‍ത്താവിനെതിരായ ആരോപണത്തില്‍ കുടുംബം പുതിയ പരാതിയൊന്നും നല്‍കിയിട്ടില്ല. ഈയിടെയാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. സാമ്ബത്തിക പ്രശ്‌നങ്ങളുണ്ടെന്ന് സംശയിക്കുന്നു. മരണകാരണം അന്വേഷിച്ചുവരികയാണെന്ന് പോലിസ് കമ്മീഷണര്‍ മഹേഷ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. അന്വേഷണത്തില്‍ ആത്മഹത്യയാണെന്നാണ് പോലിസ് നിഗമനം. സാമ്ബത്തിക പ്രശ്‌നങ്ങള്‍ സംശയിക്കുന്നതായും ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ചൊവ്വാഴ്ച രാത്രി ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയ ചിത്ര ഹോട്ടലിലെത്തിയതായി റിപോര്‍ട്ടുകളുണ്ട്. നിരവധി പരസ്യങ്ങളില്‍ അഭിനയിച്ച ചിത്ര വിവിധ ഷോകളില്‍ അവതാരികയുമാണ്. സംഭവത്തില്‍ റവന്യൂ ഡിവിഷനല്‍ ഓഫിസറുടെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.