പാലക്കാട് വീണ്ടും പുലിയിറങ്ങി (Leopard ). അകത്തേത്തറയിൽ ജനവാസ മേഖലകളിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ധോണി സ്വദേശിയുടെ ആടിനെ പുലി പിടിച്ചു. പ്രദേശത്ത് പുലിയുടെ കാൽപാടുകളും കണ്ടെത്തി. അകത്തേത്തറ ചീക്കുഴിയിലും പുലിയെ കണ്ടതായി പ്രദേശവാസികൾ അറിയിച്ചു. അയ്യപ്പൻചാൽ വെള്ളച്ചാട്ടത്തിന് സമീപമാണ് പുലിയെ കണ്ടത്. സ്ഥലത്തുണ്ടായിരുന്ന നായയെ പുലി കടിച്ചുകൊണ്ടുപോയി. പുലിപ്പേടിയിൽ കഴിയുന്ന അകത്തേത്തറ ഉമ്മിനിക്ക് സമീപമാണ് ഈ രണ്ട് രണ്ട് പ്രദേശങ്ങളും. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ട്.

അതിനിടെ പാലക്കാട് കല്ലടിക്കോട് പുലികുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. പറക്കല്ലടിയിലെ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിലാണ് പുലിക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഒരു വയസ് പ്രായമുള്ള പുലിയാണ് ചത്തത്. വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റാണ് അപകടമുണ്ടായതെന്നാണ് സംശയം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ജഡം സംസ്കരിക്കും.