ഞായറാഴ്ച രാവിലെ ആംസ്റ്റർഡാമിലെ(Amsterdam) ഷിഫോൾ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഒരു കാർഗോ വിമാനത്തിന്റെ ചക്രത്തിന് പിന്നിൽ ഡച്ച് പൊലീസ് തീർത്തും ഞെട്ടിക്കുന്ന ഒന്ന് കണ്ടെത്തി, ജീവനുള്ള ഒരു മനുഷ്യൻ(Stowaway). ദക്ഷിണാഫ്രിക്കയിലെ(South Africa) ജോഹന്നാസ്ബർഗിൽ നിന്ന് പുറപ്പെട്ട ചരക്കുവിമാനത്തിന്റെ മുൻചക്രത്തിനടിയിൽ ഇരുന്ന് അയാൾ താണ്ടിയത് പതിനായിരത്തിലധികം കിലോമീറ്ററുകളാണ്. പൊലീസിനെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം ഇത്രയും സാഹസികമായ യാത്ര നടത്തിയ അയാൾക്ക് ജീവൻ നഷ്ടമായില്ല എന്നതാണ്. ഇതിന് മുൻപും ഇതുപോലെ വിമാനത്തിന്റെ വീൽ സെക്ഷനിൽ ഒളിച്ചിരുന്ന് പലരും യാത്ര ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, തണുത്ത കാലാവസ്ഥയും, ഓക്സിജന്റെ അഭാവവും മൂലം ഇത്തരം യാത്രകളെ അതിജീവിക്കാൻ അധികമാർക്കും സാധിക്കാറില്ല.

11 മണിക്കൂറിലധികം സമയമാണ് ഇയാൾ ജീവൻ പണയം വച്ച് ഇങ്ങനെ ചക്രത്തിലിരുന്നത്. വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇയാൾക്ക് 16 -നും 35 -നും ഇടയിൽ പ്രായം വരുമെന്ന് കരുതുന്നു. പണം നൽകാതെ, മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ച് ഇങ്ങനെ കപ്പലിലും വിമാനത്തിലും ഒളിച്ചും പാത്തും യാത്ര ചെയ്യുന്ന ഇത്തരക്കാരെ സ്റ്റൊവേ എന്നാണ് വിളിക്കുന്നത്. കപ്പൽ, വിമാനം മുതലായവയിൽ ഒളിച്ചിരുന്ന് യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന അപകടസാധ്യതകൾ കാരണം, പലപ്പോഴും അത്തരം ആളുകൾ അതിജീവിക്കാറില്ല. ഉയരങ്ങളിലെ അതികഠിനമായ തണുപ്പും, ഓക്‌സിജന്റെ അഭാവവും, അന്തരീക്ഷ മർദ്ദ വ്യത്യാസവും അതിജീവിക്കാനാകാതെ പലരും യാത്രയിൽ ജീവൻ വെടിയുകയാണ് പതിവ്.  ഈ വിമാനം മണിക്കൂറിൽ 550 മൈൽ വേഗത്തിലും, 35,0000 അടി ഉയരത്തിലുമാണ് സഞ്ചരിച്ചിരുന്നത്.

അതുകൊണ്ട് തന്നെ അയാൾ ഈ സമയമത്രയും മൈനസ് 54 ഡിഗ്രി സെൽഷ്യസ് താപനിലയിലായിരിക്കും ഇരുന്നിരുന്നത്. ഇത് മാത്രവുമല്ല, ഇങ്ങനെ ഒളിച്ചിരിക്കുന്ന സമയത്ത് ചക്രങ്ങൾക്കിടയിൽ പെട്ട് ചതഞ്ഞരയാനോ, വിമാനം പറന്നിറങ്ങുമ്പോൾ ഉയരത്തിൽ നിന്നും വീണ് മരിക്കാനോ ഉള്ള സാധ്യതയുമുണ്ട്. എന്നാൽ, കാർഗോ വിമാനത്തിന്റെ ചക്രത്തിൽ ഒളിച്ചിരുന്ന ഈ വ്യക്തിക്ക് അപായമൊന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല, പൊലീസ് ചോദിച്ച ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കഴിഞ്ഞു. തുടർന്ന്, അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. “വിമാനത്തിന്റെ നോസ് വീൽ സെക്ഷനിൽ അയാളെ ജീവനോടെയാണ് കണ്ടെത്തിയത്. അയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അയാളുടെ ആരോഗ്യ നില തൃപ്തികരമാണ്” ഡച്ച് സൈനിക പൊലീസ് വക്താവ് ജോവാന ഹെൽമണ്ട്സ് പറഞ്ഞു. അയാൾ ജീവനോടെയുണ്ടായിരുന്നു എന്നത് ഏറ്റവും വലിയ അത്ഭുതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം, വളരെ തണുത്ത താപനിലയിൽ  10,000 കിലോമീറ്റർ യാത്ര ചെയ്തിട്ടും അയാൾ ജീവനോടെ ഇരിക്കുക എന്നത് അത്ഭുതമല്ലാതെ മറ്റെന്താണ് എന്ന് ജോവാന ചോദിക്കുന്നു.

എയർപോർട്ട് ഗ്രൗണ്ട് ജീവനക്കാരാണ് ആളെ കണ്ടെത്തി അധികൃതരെ വിവരം അറിയിച്ചത്. ഡച്ച് പൊലീസും എമർജൻസി സർവീസുകളും ആ മനുഷ്യന് ജീവനുണ്ടെന്ന് സ്ഥിരീകരിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ ശരീര താപനില തീരെ താഴ്ന്ന നിലയിലായിരുന്നു. വിമാനത്താവളത്തിൽ അദ്ദേഹത്തിന് ആവശ്യമുള്ള വൈദ്യസഹായം നൽകിയ ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

കാർഗോലക്‌സ് ഇറ്റാലിയയുടെ വിമാനത്തിലാണ് ഈ അജ്ഞാതനെ കണ്ടെത്തിയത്. ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ അനുസരിച്ച്, ജോഹന്നാസ്ബർഗിൽ നിന്ന് ഷിഫോളിലേക്ക് ഇന്നലെ ഒരു ചരക്ക് വിമാനം മാത്രമേ സർവീസ് നടത്തിയിട്ടുള്ളൂ. ഈ പ്രത്യേക വിമാനം കെനിയയിലെ നെയ്‌റോബിയിലും നിർത്തിയിരുന്നു. എന്നാൽ, എപ്പോൾ, എങ്ങനെ ഇയാൾ ചക്രത്തിന്റെ പിന്നിൽ കയറിക്കൂടിയെന്നത് ഇപ്പോഴും വ്യക്തമല്ല. “അധികൃതരും എയർലൈനും അവരുടെ അന്വേഷണം പൂർത്തിയാകുന്നതുവരെ കൂടുതൽ ഒന്നും ഇതേകുറിച്ച് ഇപ്പോൾ പറയാൻ ഞങ്ങൾക്ക് കഴിയില്ല” ഒരു കാർഗോലക്‌സ് വക്താവ് ദി ഗാർഡിയനോട് പറഞ്ഞു.