വെള്ളം വിതരണം ചെയ്തതിന് പണം അടയ്ക്കാതെ കൊച്ചിയിൽ നങ്കൂരമിട്ടിരിക്കുന്ന ചരക്കുകപ്പൽ തുറമുഖം വിടുന്നത് തടഞ്ഞ് ഹൈക്കോടതി. അർധരാത്രിയിൽ ഇടപെടൽ നടത്തിയാണ് കേരള ഹൈക്കോടതി കപ്പലിന്റെ യാത്ര തടഞ്ഞത്. കൊച്ചിയിൽ നങ്കൂരമിട്ടിരിക്കുന്ന ചരക്കുകപ്പൽ എം വി ഓഷ്യൻ റോസ് തുറമുഖം വിടുന്നതാണ് ഹൈക്കോടതി തടഞ്ഞു. അർധരാത്രി അടിയന്തര സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് രാത്രികാല സിറ്റിംഗ് നടത്തുന്നത്. ഇന്ന് പുലർച്ചെ കപ്പൽ തീരം വിടുന്ന സാഹചര്യത്തിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രാത്രി അടിയന്തരമായി കേസ് പരിഗണിച്ചത്.

തിങ്കളാഴ്ച രാത്രി 11.30ന് ഓൺലൈൻ സിറ്റിംഗിലൂടെയാണ് കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പൽ തുറമുഖം വിടുന്നത് ഹൈക്കോടതി തടഞ്ഞത്. കപ്പലിലേക്ക് വെള്ളം വിതരണം ചെയ്ത ഇനത്തിൽ രണ്ടര കോടി രൂപ നൽകാനുണ്ടെന്ന് കാണിച്ച് കൊച്ചിയിലെ ഒരു കമ്പനി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കൊച്ചിയിലെ ഗ്രേസ് യാങ് ഇന്റർനാഷണൽ എന്ന സ്ഥാപനമാണ് കോടതിയെ സമീപിച്ചത്. അമ്പലമുകൾ എഫ്എസിടിയിലേക്ക് സൽഫറുമായി എത്തിയ എം വി ഓഷ്യൻ റോസ് എന്ന ചരക്ക് കപ്പൽ തുറമുഖം വിടുന്നതാണ് കോടതി അറസ്റ്റ് ഉത്തരവിലൂടെ തടഞ്ഞത്.

സ്ഥാപനത്തിന് നൽകാനുള്ള തുകയും നിയമനടപടിക്ക് ആവശ്യമായ തുകയും കെട്ടിവെക്കുകയോ ഈ തുകക്ക് ആനുപാതികമായ ഈടോ നൽകാതെ കപ്പലിനെ തുറമുഖം വിടാൻ അനുവദിക്കരുതെന്ന് കൊച്ചി തുറമുഖ ട്രസ്റ്റിന് കോടതി നിർദേശം നൽകി. കോടതി നിർദേശം പതിനഞ്ച് ദിവസത്തിനകം പാലിച്ചില്ലെങ്കിൽ കപ്പൽ ലേലം ചെയ്യാൻ ഹർജിക്കാരന് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. അഭിഭാഷകരും കോടതി ജീവനക്കാരും അടക്കം എല്ലാവരും തങ്ങളുടെ വീടുകളിൽ ഇരുന്നാണ് കേസിൽ ഹാജരായത്.