ന്യൂഡല്‍ഹി: ഗാല്‍വന്‍ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം തുടരുന്നതിനിടെ ചൈനയ്ക്കെതിരെ ആഞ്ഞടിച്ച്‌ ഇന്ത്യ. ചൈന ഉഭയകക്ഷി കരാറുകള്‍ ലംഘിച്ചെന്നും നിലവിലെ അവസ്ഥയ്ക്ക് കാരണം ചൈനയാണെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.

‘കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചൈന നടത്തിയ ഏകപക്ഷീയമായ നീക്കങ്ങളാണ് കഴിഞ്ഞ ആറു മാസമായി അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ക്ക് കാരണം. ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളില്‍ ശാന്തിയും സമാധാനവും ഉറപ്പാക്കുന്നതിനുള്ള ഉഭയകക്ഷി കരാറുകളും പ്രോട്ടോകോളുകളും ചൈന ലംഘിച്ചു’- വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. മാത്രമല്ല, യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഏകപക്ഷീയമായ ഒരു നടപടിയും സ്വീകരിക്കരുതെന്നും സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കരുതെന്നും പറയുമ്പോഴും ചൈനയുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
നയതന്ത്ര-സൈനിക തലത്തിലുള്ള ആശയവിനിമയത്തിലൂടെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടരുന്ന ഈ സാഹചര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടത് ആവശ്യമാണെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.