ഓടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ഭൂതകാലം. പ്രേക്ഷകരില്‍ നിന്ന് മികച്ച ആഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഷെയ്ന്‍ നിഗം, രേവതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം പറയുന്നത് വ്യത്യസ്തമായ കഥായായത് കൊണ്ടാണ് ആരാധകര്‍ക്കിടയില്‍ ചിത്രത്തിന് ഇത്രയും സ്വീകാര്യത ലഭിച്ചിരിക്കുന്നത്.

ഇതിനോടകം തന്നെ പല പ്രമുഖരും ചിത്രത്തെ പ്രശംസിച്ച് മുന്നോട്ട് എത്തിയിരുന്നു. ഇപ്പോഴിതാ ഭൂതകാലം ബോളിവുഡില്‍ നിന്നും പ്രശംസ നേടുകയാണ്. നിരവധി ഹൊറര്‍ ത്രില്ലെര്‍ സിനിമകള്‍ സമ്മാനിച്ച പ്രശസ്ത ബോളിവുഡ് സംവിധായകന്‍ റാം ഗോപാല്‍ വര്‍മ്മയാണ് ഭൂതകാലം സിനിമ കണ്ട് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

എക്‌സോസിസ്റ്റ് എന്ന ഹോളിവുഡ് ചിത്രത്തിന് ശേഷം ഇത്രയും നല്ലൊരു ഹൊറര്‍ ചിത്രം വേറെ കണ്ടിട്ടില്ല എന്നാണു അദ്ദേഹം ട്വീറ്റ് ചെയ്തത്. ഒപ്പം രേവതിയുടെയും ഷെയ്ന്‍ നിഗമിന്റെയും അഭിനയത്തിനും പ്രത്യേക അഭിനന്ദം അദ്ദേഹം അറിയിച്ചിട്ടുണ്ട്.

എക്‌സോസിസ്റ്റിനു ശേഷം ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഹൊറര്‍ സിനിമയാണ് ഭൂതകാലം. പ്രേക്ഷകരെ ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിച്ച് സിനിമയില്‍ തന്നെ പിടിച്ചിരുത്തുന്നതില്‍ വിജയിച്ച ചിത്രത്തിന്റെ സംവിധായകന്‍ രാഹുല്‍ സദാശിവനും നിര്‍മാതാവ് അന്‍വര്‍ റഷീദിനും അഭിനന്ദനങ്ങള്‍. ഷെയ്ന്‍ നിഗം വളരെ സമര്‍ദ്ദമായി തന്നെ അഭിനയിച്ചിരിക്കുന്നു. ബഹുമുഖ പ്രതിഭയായ രേവതിയുടെയും അഭിനയം എടുത്തു പറയേണ്ടതാണ്. ഭൂതകാലത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍.