ബോളിവുഡ് നൃത്ത സംവിധായകനും സംവിധായകനുമായ റെമോ ഡിസൂസയ്ക്ക് ഹൃദയാഘാതം. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ മുംബൈയിലെ കോകിലാബെന്‍ ദിരുബായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് റെമോയെ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് സൂചന. ആശുപത്രിയില്‍ എത്തിച്ച ഉടനെ അദ്ദേഹത്തെ അഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ഇപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രിവൃത്തങ്ങള്‍ നല്കുന്ന സൂചന.
റെമോയുടെ ഭാര്യ ലീസല്‍ ആശുപത്രിയില്‍ ഒപ്പമുണ്ട്. ഇന്ന് രാവിലെ അദ്ദേഹം തന്റെ പുതിയ മ്യൂസിക് വീഡിയോ ദില്‍ നാ തോഡൂംഗയുടെ ചിത്രം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഡിസംബര്‍ 13 നാണ് വീഡിയോ റിലീസ് ആകുന്നത്.
റെയ്സ് 3, എബിസിഡി 2, സ്ട്രീറ്റ് ഡാന്‍സര്‍ 3ഡി, ഫ്ലൈയിങ് ജാട്ട് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. ബാക്ക്ഗ്രൗണ്ട് ഡാന്‍സറായാണ് റെമോ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് കൊറിയോഗ്രഫര്‍, സംവിധായകന് എന്ന നിലകളിലേക്ക് ഉയര്‍ന്ന താരം ബജിറാവു മസ്താനിയിലെ നൃത്തസംവിധാനത്തിന് ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്.