പെരിന്തല്‍മണ്ണ: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും മറ്റു ആയുഷ് ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള അതിസങ്കീര്‍ണ്ണമായ ജോലികള്‍ ചെയ്യാന്‍ അനുവാദം നല്‍കുന്ന സിസിഐഎം ഉത്തരവിനെതിരേ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ പണിമുടക്കി. അത്യാഹിത വിഭാഗങ്ങളും കൊവിഡ് ചികിത്സയും ഒഴികെ ഒപി ചികിത്സകളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനിന്നു. പൊതു ജനാരോഗ്യരംഗത്തെ വളര്‍ച്ചയെ തുരങ്കം വെക്കുന്ന നടപടികളുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കന്നതെന്നും വിവാദ ഉത്തരവ് പിന്‍വലിക്കുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഐഎംഎ ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
പണിമുടക്കിനോടനുബന്ധിച്ച്‌ മലപ്പുറം കലക്‌ട്രേറ്റ് പരിസരത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധവും സത്യഗ്രഹവും നടന്നു.
ഡോ. ഇ കെ ഉമ്മര്‍, ഡോ. എ വിജയകൃഷ്ണന്‍, ഡോ. സാമുവല്‍ കോശി, ഡോ. ജ്ഞാനദാസ്, ഡോ. പരീത്, ഡോ. നാരായണന്‍, ഡോ. ഷിനാസ് ബാബു, ഡോ. ജലാല്‍, ഡോ. സീതി എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ ചെയര്‍മാന്‍ ഡോ. നിലാര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച്‌ വിശദീകരണയോഗങ്ങളും ധര്‍ണ്ണയും നടന്നു. ആയുര്‍വ്വേദ വിഭാഗത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടു തന്നെ സങ്കരവൈദ്യം അടിച്ചേല്‍പ്പിക്കുന്ന വിവാദ നിയമ വ്യവസ്ഥകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം പൊതുജന പക്ഷത്തുനിന്നും ഉയര്‍ന്നുവരണമെന്ന് ജില്ലാ ചെയര്‍മാന്‍ ഡോ. നിലാര്‍ മുഹമ്മദ്, കോഡിനേറ്റര്‍ ഡോ. ജലാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു