രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹം ചെയ്യണമെങ്കില്‍ യുവാവ് മതം മാറാന്‍ ആവശ്യപ്പെട്ടതായി യുവതിയുടെ പരാതി. 19 കാരിയായ യുവതിയാണ് യുവാവിനെതിരെ പരാതി നല്‍കിയത്. ഉത്തര്‍പ്രദേശിലെ ഹാര്‍ദോയ് ജില്ലയിലാണ് സംഭവം.

ഹിന്ദു സമുദായത്തില്‍പ്പെട്ട യുവതി ഷഹാബാദ് കോട്‌വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്. ഹാര്‍ദോയ് പോലീസ് സൂപ്രണ്ട് അനുരാഗ് വാട്സിനാണ് യുവതി വ്യാഴാഴ്ച പരാതി നല്‍കിയത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി അതേ ഗ്രാമത്തില്‍ നിന്നുള്ള മുസ്ലീമായ ആസാദ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. നവംബര്‍ 30 ന് ഇരുവരും വിവാഹത്തിനായി രജിസ്ട്രാര്‍ ഓഫീസിലെത്തിയപ്പോഴാണ് യുവാവ് മതം മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്. യുവതി അത് നിരസിച്ചതിനെ തുടര്‍ന്ന് ആസാദ് വിവാഹത്തിന് നില്‍ക്കാതെ അവിടെ നിന്നും പോയി എന്നാണ് യുവതിയുടെ പരാതി.

വിവാഹ വാഗ്ദാനം നല്‍കി ആസാദ് തന്നെ നിരവധി തവണ ശാരീരികമായി ചൂഷണം ചെയ്തെന്നും തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.

അതേസമയം പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായും എസ്പി പറഞ്ഞു.