വയനാട് വടുവഞ്ചാല്‍ കടച്ചിക്കുന്നില്‍ കരിങ്കല്‍ക്വാറിയിലുണ്ടായ മണ്ണിടിച്ചിലില്‍ ടിപ്പര്‍ ഡ്രൈവര്‍ വാഹനത്തില്‍ കുടുങ്ങി മരിച്ചു. ലോറിയിലുണ്ടായിരുന്ന മാനന്തവാടി പിലാക്കാവ് അടിവാരം സ്വദേശി സില്‍വസ്റ്ററാണ്‌ വാഹനത്തില്‍ അകപ്പെട്ട് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ സില്‍വസ്റ്റര്‍ ഓടിച്ചിരുന്ന ലോറിക്ക് മുകളില്‍ വലിയ പാറ വന്ന് പതിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഫോടക വസ്തു ഉപയോ​ഗിച്ച്‌ പാറ പൊട്ടിച്ച്‌ ലോറിയുടെ മുന്‍ഭാ​ഗം തകര്‍ത്താണ് അപകടത്തില്‍പെട്ടയാളെ പുറത്തെടുത്തത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ലോറി വെട്ടിപ്പൊളിച്ച്‌ മൃതദേഹം പുറത്തെടുത്തത്.
രണ്ട് തവണ പഞ്ചായത്ത് അനുമതി നിഷേധിച്ച ശേഷം ഹൈക്കോടതിയെ സമീപിച്ച്‌ തുടര്‍ന്ന് ലഭിച്ച അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ക്വാറിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ക്വാറിയുടെ പ്രവര്‍ത്തനം മൂലം പ്രദേശവാസികള്‍ക്കുണ്ടാകുന്ന ദുരിതത്തെ കുറിച്ച്‌ ട്വന്റിഫോര്‍ സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വയനാട് വടുവഞ്ചാല്‍ കടച്ചിക്കുന്നില്‍ പുതുതായി ആരംഭിച്ച ക്വാറിയുടെ പ്രവര്‍ത്തനം മൂലം വീടൊഴിഞ്ഞ് പോകേണ്ട അവസ്ഥയിലായിരുന്നു അവിടുത്തെ അന്‍പതിലധികം കുടുംബങ്ങള്‍. രണ്ട് തവണ പഞ്ചായത്ത് അനുമതി നിഷേധിച്ച ക്വാറി, പിന്നീട് ഹൈക്കോടതി ഉത്തരവിനെതുടര്‍ന്നാണ് തുറന്ന് പ്രവര്‍ത്തിച്ചത്.ക്വാറി പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോള്‍ തന്നെ നിരവധി വീടുകള്‍ക്കാണ് ഇവിടെ വിളളല്‍ വീണത്.