മലയാളത്തിന്റെ അഭിമാന താരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ത്രീഡി’ ചിത്രമായ ‘ബറോസി’നെ കുറിച്ച്‌ ശക്തമായ സൂചന നല്‍കി ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍. മോഹന്‍ലാല്‍, മലയാള സിനിമയിലെ ആദ്യ ‘ത്രീ ഡി’ ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ’ സംവിധായകനായ ജിജോ പുന്നൂസ്, എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് സന്തോഷ് ശിവന്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

‘ദൃശ്യം 2’വിന്റെ ചിത്രീകരണ ലൊക്കേഷനില്‍ നിന്നും എടുത്ത ചിത്രമാണ് സന്തോഷ് ശിവന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊവിഡ് സാഹചര്യം മൂലം സിനിമാ ചിത്രീകരണം നിര്‍ത്തുവച്ചിരുന്ന സാഹചര്യത്തില്‍ നിന്നും മലയാള സിനിമാ രംഗം വീണ്ടും സജീവമായിത്തുടങ്ങുകയാണിപ്പോള്‍.

‘ദൃശ്യം 2’ ഉള്‍പ്പെടെയുള്ള നിരവധി സിനിമകള്‍ ചിത്രീകരണം ആരംഭിച്ചതും സിനിമാ മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ഈ സാഹചര്യത്തില്‍ ‘ബറോസി’ന്റെ ചിത്രീകരണവും ഉടന്‍ തന്നെ ആരംഭിക്കുമോ എന്നാണ് ആരാധകര്‍ക്ക് ചോദിക്കാനുള്ളത്.

 

സ്പാനിഷ് നടി പാസ് വേഗ ഉള്‍പ്പെടെയുള്ള നിരവധി വിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അണിനിരക്കുന്ന ‘ബറോസ്’ കുട്ടികള്‍ക്കായുള്ള ഒരു ഫാന്റസി ചിത്രമാണെന്ന് മോഹന്‍ലാല്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ, സ്‌പെയിന്‍, ആഫ്രിക്ക, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളുടെ നാവിക ചരിത്രം കഥാപശ്ചാത്തലമായി വരുന്ന ചിത്രം 2019 ഏപ്രിലിലാണ് മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്.