ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ പരിശോധനകള്‍ 15 കോടി പിന്നിട്ടു. പത്ത് ദിവസങ്ങള്‍ കൊണ്ടാണ് അവസാനത്തെ ഒരു കോടി പരിശോധനകള്‍ നടത്തിയത്. രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ രാജ്യം നടത്തിയ നിര്‍ണായക ചുവടുവെയ്പാണിത്. സമഗ്രവും വിപുലവുമായ പരിശോധനാ സംവിധാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാനും സഹായിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇന്നലെ വരെയുളള കണക്കനുസരിച്ച്‌ 11 ദിവസമായി തുടര്‍ച്ചയായി 40,000 ല്‍ താഴെമാത്രമാണ് പുതിയ രോഗികളുടെ എണ്ണം. രോഗമുക്തി നിരക്ക് 94.74 ശതമാനമായി വര്‍ധിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 92,53,306 ആണ്. രോഗമുക്തി നേടിയവരുടെയും ചികിത്സയില്‍ ഉള്ളവരുടെയും എണ്ണം തമ്മിലുള്ള അന്തരം 8,881,013 ആയി. 5 ദിവസമായി പ്രതിദിന മരണസംഖ്യ അഞ്ഞൂറില്‍ താഴെയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കൃത്യമായ പരിശോധനയും രോഗനിര്‍ണയവുമാണ് ഒരു പരിധി വരെ രോഗവ്യാപനം രൂക്ഷമാകുന്നതില്‍ നിന്ന് ഇന്ത്യയെ പിടിച്ചുനിര്‍ത്തിയത്. സെപ്തംബര്‍ അവസാനവാരമാണ് രാജ്യം 5 കോടി പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. ഒക്ടോബര്‍ അവസാനത്തോടെ ഇത് 10 കോടി പിന്നിട്ടു.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ചതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് പരിശോധനകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവിനെയാണ്.