വാഷിംഗ്ടണ്‍: ചാന്ദ്ര ദൗത്യങ്ങള്‍ക്കായി നാസയുടെ ആര്‍ട്ടെമിസ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 18 സഞ്ചാരികളില്‍ ഇന്ത്യന്‍ വംശജനും. ഇന്ത്യയുടെ അഭിമാനമുയര്‍ത്തി പദ്ധതിയുടെ ഭാഗമായിരിക്കുന്നത് ഹൈദരാബാദില്‍ നിന്നുള്ള രാജാ ചാരിയാണ്‌.

2024-ല്‍ പുരുഷനെയും ആദ്യ വനിതയേയും ചന്ദ്രനിലേക്ക് അയക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികളാണ് ആര്‍ട്ടെമിസ് പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നത്. പദ്ധതിയുടെ ഭാഗമാവുന്ന 18 വ്യക്തികളുടെ പേരുകള്‍ യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഐയോവയിലെ സെഡാര്‍ ഫോള്‍സില്‍ ജനിച്ചു വളര്‍ന്ന ചാരി യു.എസ് വ്യോമസേനയിലെ കേണലായും സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹം അസ്ട്രോണട്ട് കോറിന്റെ ഭാഗമായത് 2017-ലാണ്. അസ്‌ട്രോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമുള്ള ചാരി, ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ളത് എയ്‌റോനോട്ടിക്സിലും അസ്‌ട്രോനോട്ടിക്സിലുമാണ്.

യു.എസ് നേവല്‍ ടെസ്റ്റ് പൈലറ്റ് സ്‌കൂളിലും നാസയിലെത്തുന്നതിനു മുമ്ബ് രാജാ ചാരി പഠിച്ചിരുന്നു. എഫ്-15 ഇ അപ്ഗ്രേഡ്, എഫ് -35 ഡെവലപ്പ്മെന്റ് എന്നീ പ്രോഗ്രാമുകളിലും പ്രവര്‍ത്തിച്ചിട്ടുള്ള രാജാ ചാരി, ഹൈദരാബാദില്‍ നിന്നും യുഎസിലേക്ക് കുടിയേറിയ ശ്രീനിവാസ് വി. ചാരിയുടെ മകനാണ്.