തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസം രാത്രി വിഴിഞ്ഞത്ത് സിപിഎം പ്രവര്‍ത്തകര്‍ വീടുകയറി ആക്രമിച്ച യുവതിയുടെ ഗര്‍ഭം അലസി. ഒന്നരമാസം ഗര്‍ഭിണിയായ സീബയ്ക്കാണ് ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായത്. സിപിഎം പ്രവര്‍ത്തകര്‍ വീടുകയറി നടത്തിയ ആക്രമണത്തില്‍ സീബ വീണ് വയറിന് പരിക്കേറ്റതാണ് ഗര്‍ഭം അലസിപ്പോകാന്‍ കാരണമെന്ന് ഭര്‍ത്താവ് ആരിഫ് ഖാന്‍ ആരോപിച്ചു. എന്നാല്‍, സ്വാഭാവികമായ ഗര്‍ഭം അലസിപ്പോകലാണെന്നും വീഴ്ച ഒരു കാരണമല്ലെന്നും സീബ ചികിത്സയിലുള്ള തൈക്കാട് ആശുപത്രിയിലെ ആര്‍എംഒ ഡോ. അനിത അറിയിച്ചു.

– ഒന്നാംഘട്ട വോട്ടെടുപ്പ് നടന്ന എട്ടിന് വൈകുന്നേരം വിഴിഞ്ഞം വടുവച്ചാലില്‍ സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. രാത്രി ഏഴരയോടെ പ്രവര്‍ത്തകര്‍ വടുവച്ചാല്‍ ബൂത്ത് പ്രസിഡന്റായ ആരിഫ് ഖാനെ അന്വേഷിച്ച്‌ വീട്ടിലെത്തി. ആരിഫ് സ്ഥലത്തുണ്ടായിരുന്നില്ല. വീടിനുമുന്നില്‍നിന്ന് ചീത്തവിളിക്കുന്നതിനെ സീബ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായവര്‍ സീബയുടെ മുടിക്കുപിടിച്ച്‌ മുതുകത്ത് ഇടിച്ച്‌ വീഴ്ത്തുകയായിരുന്നെന്ന് ഭര്‍ത്താവ് ആരിഫ് പറഞ്ഞു. ബുധനാഴ്ച രാവിലെ വിഴിഞ്ഞത്തെ ആശുപത്രിയിലെത്തി ചികിത്സ തേടിയശേഷം വീട്ടിലേക്ക് മടങ്ങി.

വേദനയും രക്തസ്രാവവും കാരണം അടുത്ത ദിവസം വീണ്ടും ചികിത്സ തേടി. അവിടെനിന്നുള്ള നിര്‍ദേശ പ്രകാരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യാശുപത്രിയില്‍ സ്‌കാനിങ്ങിന് വിധേയയായപ്പോഴാണ് ഗര്‍ഭം അലസിയതായി കണ്ടെത്തിയത്. വിഴിഞ്ഞത്തെ ഡോക്ടറുടെ നിര്‍ദേശപ്രകാരം തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നെന്നും ആരിഫ് പറഞ്ഞു. വിഴിഞ്ഞം പൊലീസ് കേസെടുത്തിട്ടുണ്ട്.