ദുബായ് : ജമ്മു-കശ്മീരില്‍ ഭക്ഷ്യസംസ്കരണ യൂണിറ്റ് തുടങ്ങാന്‍ ലുലു ഗ്രൂപ്പ്. ശ്രീനഗറിലാണ് യൂണിറ്റ് ആരംഭിക്കുക. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ആണ് ഇക്കാര്യം അറിയിച്ചത്. 2019 ല്‍ യുഎഇ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്കിയ ഉറപ്പാണ് ഇതിലൂടെ പാലിക്കപ്പെടുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ലുലു ഗ്രൂപ്പ് ഒപ്പുവെച്ചു. ദുബായില്‍ നടന്ന യുഎഇ -ഇന്ത്യ ഭക്ഷ്യ സുരക്ഷാ ഉച്ചകോടിയുടെ ഭാഗമായി ജമ്മു-കശ്മീരില്‍ നിന്നുള്ള പ്രതിനിധി സംഘവുമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി ചര്‍ച്ച നടത്തിയിരുന്നു.
ഈ കൂടിക്കാഴ്ചയിലാണ് പദ്ധതി സംബന്ധിച്ച് ധാരണയിലെത്തിയത്. നിലവില്‍ കശ്മീരി ആപ്പിളും കുങ്കുമപ്പൂവും ഗള്‍ഫ് മേഖലയിലേക്ക് ലുലു ഗ്രൂപ്പ് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതുവരെ 400 ടണ്‍ ആപ്പിളുകള്‍ കശ്മീരില്‍ നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് കമ്ബനി വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ ഇതിന്റെ തോത് വര്‍ദ്ധിപ്പിക്കും. ഇത് കൂടാതെ കശ്മീരിന്റെ മറ്റ് കാര്‍ഷിക ഉത്പ്പന്നങ്ങളിലേക്കും പഴവര്‍ഗങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കും.ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ഭാഗമായി വരുന്ന റിപ്പബ്ലിക് ദിനത്തില്‍ ഗള്‍ഫ് മേഖലകളിലെ ലുലു സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കശ്മീര്‍ സ്പെഷ്യല്‍ സംഘടിപ്പിക്കും.
ജനുവരി 24 മുതല്‍ നടക്കുന്ന പരിപാടിയില്‍ കശ്മീരിലെ തനത് ഉത്പന്നങ്ങളും പരമ്ബരാഗത ഭക്ഷ്യ വിഭവങ്ങളും ഉള്‍പ്പെടെ ഇടംപിടിക്കും.ദുബായിലെ ഇന്ത്യന്‍ കാേണ്സുലേറ്റ് ജനറലും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും ഇന്‍വെസ്റ്റ് ഇന്ത്യയും സംയുക്തമായിട്ടാണ് യുഎഇ -ഇന്ത്യ ഭക്ഷ്യ സുരക്ഷാ ഉച്ചകോടി സംഘടിപ്പിച്ചത്. ലുലു ഗ്രൂപ്പിന്റെ തീരുമാനം കശ്മീരിലെ സാമ്ബത്തിക വികസനം ത്വരിതപ്പെടുത്തുമെന്നും നിരവധി യുവാക്കള്‍ക്ക് താെഴിലവസരം നല്‍കുമെന്നും കോണ്‍സല്‍ ജനറല്‍ ഡോ. അമന് പുരി ചൂണ്ടിക്കാട്ടി.
കശ്മീരില്‍ നിന്നുള്ള കാര്‍ഷിക ഉത്പ്പന്നങ്ങള്‍ ഗള്‍ഫ് മേഖലയിലേക്ക് കയറ്റി അയയ്ക്കുന്നതില്‍ ക്രിയാത്മക ചര്‍ച്ചയാണ് ലുലു ഗ്രൂപ്പുമായി നടന്നതെന്ന് കശ്മീര്‍ പ്രതിനിധി സംഘത്തിന് നേതൃത്വം നല്കിയ കാര്‍ഷിക ഉത്പാദന പ്രിന്‍സിപ്പല്‍ സെക്രട്ടറി നവീന്‍ കുമാര്‍ ചൗധരി അഭിപ്രായപ്പെട്ടു. ഭക്ഷ്യ സംസ്കരണ യൂണിറ്റിനും ഇതുമായി ബന്ധപ്പെട്ട ലാെജിസ്റ്റിക്സ് സെന്ററിനും എല്ലാ സഹായവും ഒരുക്കി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലൊജിസ്റ്റിക്സ് സേവനങ്ങള്‍ക്ക് കശ്മീരിലെ ഫ്രൂട്ട് മാസ്റ്റര്‍ അഗ്രോ ഫ്രഷ് കമ്ബനിയുമായും ലുലു ഗ്രൂപ്പ് ധാരണയിലെത്തി.