ശബരിമല: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തെ സംബന്ധിച്ച്‌ കേരള സര്‍ക്കാര്‍ നിയോഗിച്ച ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ കര്‍ശനമായ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളാണ് അനുവര്‍ത്തിച്ചുപോരുന്നതെന്ന വിശ്വാസത്തിലാണ് ലോകമെമ്ബാടുമുള്ള അയ്യപ്പഭക്തര്‍ സന്നിധാനത്തേക്ക് വരുന്നത്. എന്നാല്‍ സന്നിധാനത്ത് ഇപ്പോള്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. ശബരിമലയിലും പമ്ബയിലും സേവനച്ചുമതല നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന നിരവധി പോലീസ്-ദേവസ്വം ജീവനക്കാര്‍ക്കാണ് ദിനംപ്രതി കോവിഡ് സ്ഥിരീകരിച്ചു കൊണ്ടിരിക്കുന്നത്.

ഇതുകൊണ്ടു തന്നെ വളരെയധികം ആശങ്കയിലാണ് ഭക്തര്‍ ഇപ്പോള്‍ സന്നിധാനത്തെത്തുന്നത്. കോവിഡ് നെഗറ്റീവ് സാക്ഷ്യപത്രത്തോടുകൂടി ദര്‍ശനത്തിനെത്തുന്നവര്‍, രോഗം ബാധിച്ച ജീവനക്കാരാലോ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാതെയുള്ള അധികൃതരുടെ അനാസ്ഥയാലോ, ദര്‍ശനത്തിനെത്തുമ്ബോള്‍ കോവിഡ് സ്ഥിരീകരിക്കപ്പെടുമോയെന്ന ഭയത്തിലാണ് ഭൂരിഭാഗം ഭക്തജനങ്ങളും. അതേസമയം ഭക്തര്‍ക്ക് പുറമെ അനവധി വന്യജീവികളുടെ ആവാസസ്ഥാനമായ പുണ്യപൂങ്കാവനത്തിന്റെ സുരക്ഷയെത്തന്നെ വെല്ലുവിളിക്കുന്നതാണ് നിലവിലുള്ള സാഹചര്യം.

അന്യസംസ്ഥാനത്തുനിന്നും അയ്യപ്പസേവനത്തിനായി ശബരിമലയിലേക്കെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനുശേഷം മതിയായ ക്വാറന്റൈന്‍ സൗകര്യമൊരുക്കാതെയും, അവരുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താതെയുമാണ് തിരിച്ചയച്ചിരിക്കുന്നതെന്നും ഭക്തര്‍ പറയുന്നുണ്ട്. കേരളത്തിലാകമാനം കോവിഡിന്റെ വ്യാപകമായ വര്‍ദ്ധനവിനിടയില്‍ ഇത്തരത്തിലുള്ള സാഹചര്യങ്ങളെ മതിയായ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിരുത്തരവാദപരമായി അവഗണിക്കുന്നത് ഗുരുതരമായ സാമൂഹിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതില്‍ യാതൊരു സംശയവുമില്ല.

മണ്ഡല മഹോത്സവത്തിനോടനുബന്ധിച്ച്‌ നടക്കാനിരിക്കുന്ന തങ്ക അങ്കി ഘോഷയാത്രയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, മതിയായ മുന്‍കരുതലുകളും പ്രതിരോധ സംവിധാനങ്ങളും ഉറപ്പാക്കാതെയുള്ള അലംഭാവപൂര്‍വ്വമായ തീര്‍ത്ഥാടനകാലം, മഹാമാരിയാലുള്ള ഭീകരാന്തരീക്ഷത്തെ ക്ഷണിച്ചുവരുത്തുന്നതിലേക്ക് നയിക്കും. ശബരിമലയിലും പമ്ബയിലും രോഗവ്യാപനം നടന്ന മേഖലകളില്‍ അണുനശീകരണം ഉറപ്പുവരുത്തിയതിന് ശേഷമാണോ ഭക്തജനങ്ങളെ ദര്‍ശനത്തിനായി കടന്നുപോകാന്‍ അനുവദിക്കുന്നതെന്നു പോലും അറിയാത്ത സാഹചര്യമാണ് ഇപ്പോഴുളളത്. ഇതുകൊണ്ടു തന്നെ നിരവധി ആശങ്കകളോടെയും, രോഗം ബാധിക്കുമോ എന്ന ഭയത്താലുമാണ് ഭക്തര്‍ സന്നിധാനത്തെത്തുന്നത്. മനസുഖത്തിനും മനസമാധാനത്തിനും വേണ്ടി അയ്യനെ ദര്‍ശിക്കാന്‍ എത്തുന്ന ഭക്തര്‍ ഇപ്പോള്‍ രോഗം പടരുമോ എന്ന ഭീതിയിലാണ് ദര്‍ശനത്തിനെത്തുന്നത്.