ഓസ്‌ട്രേലിയയിൽ തുടരുന്ന ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ രാജ്യത്തെ ഇമിഗ്രേഷൻ മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഓസ്‌ട്രേലിയൻ സർക്കാർ റദ്ദാക്കി. കോടതി വിധിയുടെ പിൻബലത്തിലായിരുന്നു 34കാരനായ ജോക്കോവിച്ച് ഓസ്‌ട്രേലിയയിൽ തുടർന്ന് വന്നിരുന്നത്. വിസ റദ്ദ് ചെയ്തതോടെ താരത്തെ ഉടൻ നാടു കടത്തും. ഇതോടെ ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ താരത്തിന് കളിക്കാനാകില്ലെന്ന് ഉറപ്പായി. വൈകാതെ താരത്തെ രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള നടപടികൾ ഉണ്ടാകുമെന്നാണ് വിവരം. ഇതിന് പുറമെ മൂന്ന് വർഷത്തേക്ക് ഓസ്‌ട്രേലിയൻ വിസയും ജോക്കോവിച്ചിന് നിഷേധിക്കപ്പെടും.

ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രിയായ അലക്‌സ് ഹോക് ആണ് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കി അദ്ദേഹത്തെ നാടു കടത്താനുള്ള നിർണായക തീരുമാനം എടുത്തത്. സെക്ഷൻ 133 സി(3) പ്രകാരമാണ് വിസ റദ്ദ് ചെയ്യുന്നത്. ജോക്കോവിച്ചും ആഭ്യന്തര വകുപ്പും ഓസ്‌ട്രേലിയൻ അതിർത്തി സേനയും നൽകിയ രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

ഗ്രാൻഡ്‌സ്‌ളാം ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ ജോക്കോവിച്ചിനെ കഴിഞ്ഞയാഴ്ച വിമാനത്താവളത്തിൽ വച്ച് അധികൃതർ തടയുകയായിരുന്നു. കൊറോണ വാക്‌സിൻ എടുത്തില്ലെന്നും, വാക്‌സിൻ എടുക്കാത്തതിന് കാരണം കാണിച്ചില്ലെന്നും ആരോപിച്ച് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കിയിരുന്നു. എന്നാൽ കൊറോണ ബാധിച്ചതിന്റേയും വാക്‌സിൻ സ്വീകരിക്കുന്നതിൽ ഇളവ് ലഭിച്ചതിന്റെയും രേഖകളുമായി ജോക്കോവിച്ച് കോടതിയെ സമീപിച്ചു. തുടർന്നുണ്ടായ നടപടി ക്രമങ്ങളുടെ ഭാഗമായിട്ടാണ് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കിയ ഓസ്‌ട്രേലിയൻ സർക്കാരിന്റെ നടപടി കോടതി മരവിപ്പിച്ചത്.