ന്യൂഡൽഹി: ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് ഇനി ഫിലിപ്പീൻസിലേയ്‌ക്ക്. ഫിലിപ്പീന്‍സ് നാവിക സേനയ്‌ക്കായി ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ 374.9 ദശലക്ഷം യുഎസ് ഡോളറിനാണ് വാങ്ങുക. ഇതു സംബന്ധിച്ച അറിയിപ്പ് ബ്രഹ്മോസ് എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിന് ഫിലിപ്പീൻസ് സർക്കാർ കൈമാറിയിട്ടുണ്ട്. 10 ദിവസത്തിനകം മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഫിലിപ്പീൻസ് ഡിപ്പാർട്ട്മെന്റ് ഓഫ് നാഷണൽ ഡിഫൻസാണ് ഇത് സംബന്ധിച്ച് കത്ത് നൽകിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപാണ് ബ്രഹ്മോസ് മിസൈലിന്റെ പരിഷ്ക്കരിച്ച പതിപ്പിന്റെ പരീക്ഷണം വിജയകരമായി നടന്നത്. ഇന്ത്യയും, ഫിലിപ്പീൻസും തമ്മിൽ വർഷങ്ങളുടെ പ്രതിരോധ ബന്ധമാണുള്ളത്. അത് കൂടുതൽ ഊട്ടി ഉറപ്പിക്കുന്നതാകും പുതിയ കരാർ.

ഇന്ത്യയും റഷ്യയും ചേർന്നാണു ബ്രഹ്മോസ് മിസൈൽ വികസിപ്പിച്ചത്. മണിക്കൂറിൽ 3,200 കിലോമീറ്ററാണു വേഗം. ഭാരം 2500 കിലോ. കരയിൽനിന്നും കടലിൽനിന്നും തൊടുക്കാം. 300 കിലോമീറ്ററാണു സൂക്ഷ്മമായ ആക്രമണത്തിന്റെ ദൂരപരിധി. ഒരേ സമയം 16 മിസൈലുകൾ വരെ വിടാനാകും. ക്രൂയിസ് മിസൈലായ ഇത് മൂന്ന് സെക്കന്റിന്റെ ഇടവേളകളിൽ തൊടുത്ത് കൃത്യമായ ലക്ഷ്യത്തിലെത്തിക്കാനാകും.