ന്യൂഡൽഹി: ഇന്ത്യയിലെ എല്ലാ കാറുകളിലും കൂടുതൽ എയർബാഗുകൾ നിർബന്ധമാക്കി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി. മോട്ടോർ വാഹനങ്ങളിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെ സുരക്ഷ പരമാവധി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രഖ്യാപനം.

എട്ട് യാത്രക്കാരെ പരമാവധി ഉൾക്കൊള്ളിക്കാൻ കഴിയുന്ന മോട്ടോർ വാഹനങ്ങളിൽ കുറഞ്ഞത് ആറ് എയർബാഗുകൾ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണമെന്നാണ് പുതിയ നിബന്ധന. കേന്ദ്രമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നിർണായക പ്രഖ്യപനം പുറത്തുവിട്ടത്.

ഇതിന് മുമ്പ് കാറുകളിലെ മുൻസീറ്റ് യാത്രക്കാർക്ക് മാത്രമാണ് എയർബാഗ് ഉണ്ടായിരിക്കണമെന്ന നിബന്ധന ഉണ്ടായിരുന്നത്. എന്നാൽ കാറിൽ സഞ്ചരിക്കുന്ന എല്ലാ യാത്രക്കാർക്കും ഇത് പ്രാപ്തമാക്കാൻ 8,000 മുതൽ 10,000 രൂപ വരെ മാത്രമേ ചെലവ് വരികയുള്ളൂ എന്ന് കാർ കമ്പനികൾ വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം.

കാറപകടം സംഭവിച്ചാൽ മുന്നിലും പിറകിലും ഇരിക്കുന്ന യാത്രക്കാർക്ക് ജീവഹാനി സംഭവിക്കുന്നത് പരമാവധി തടയുകയാണ് പ്രഖ്യാപനത്തിന്റെ ലക്ഷ്യം. ഇന്ത്യൻ കാറുകളിൽ സഞ്ചരിക്കുന്നവരുടെ സുരക്ഷ സംബന്ധിച്ച നിർണായക നീക്കമാണിതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി ചൂണ്ടിക്കാട്ടി.