തിരുവനന്തപുരം; ചാൻസലർ സ്ഥാനത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾക്കിടെ ഗവർണറെ അനുനയിപ്പിക്കാൻ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിളിച്ച മുഖ്യമന്ത്രി ചാൻസലറായി തുടരണമെന്ന് അഭ്യർത്ഥിച്ചു.

സർവകലാശാല, ഡി-ലിറ്റ് വിവാദത്തിന് ശേഷം ആദ്യമായാണ് ഗവർണറെ മുഖ്യമന്ത്രി വിളിക്കുന്നത്. ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക് പോകുന്ന കാര്യം പറയാൻ ഫോണിൽ വിളിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. വിദേശത്തേക്ക് പോകുന്നതിന്റെ വിശദാംശങ്ങളും മുഖ്യമന്ത്രി ഗവർണറോട് വ്യക്തമാക്കി.

അതേസമയം ഗവർണറെ നേരിട്ട് കാണാൻ എത്താതിരുന്നത് പാർട്ടി സമ്മേളന തിരക്കിൽ ആയിരുന്നതിനാലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രിയുടെ ഫോൺകോൾ രാജ്ഭവനിലേക്ക് എത്തിയത്.

നേരത്തെ ചാൻസലർ പദവിയൊഴിയുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ഗവർണറുടെ കത്തിന് മുഖ്യമന്ത്രി മൂന്ന് മറുപടി കത്തുകൾ അയച്ചിരുന്നു. ഗവർണറും സർക്കാരും ഏറ്റുമുട്ടലിന്റെ പാതയിൽ പേകേണ്ട കാര്യമില്ലെന്നും സർവകലാശാലകളുടെ ചാൻസലറായി ഗവർണർ തുടരുന്നുതാണ് സർക്കാരിന് താൽപര്യമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.