ലക്നൗ: ഉത്തർപ്രദേശിൽ തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ 2000 പുതിയ പള്ളികൾ നിർമ്മിക്കുമെന്ന് വാഗ്ദാനം ചെയ്തെന്നുള്ള വാർത്ത തെറ്റാണെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് .

ഉത്തർപ്രദേശിലെ പടിഞ്ഞാറൻ, പൂർവാഞ്ചൽ മേഖലകളിൽ സമാജ്‌വാദി പാർട്ടി 2000 പുതിയ പള്ളികൾ നിർമ്മിക്കുമെന്ന് രീതിയിലാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്. മാത്രമല്ല ബാബറി മസ്ജിദ് നിർമ്മാണത്തിന് 1000 കോടി, മുസ്ലീങ്ങൾക്ക് 30 ശതമാനം സംവരണം എന്നിവയും അഖിലേഷ് യാദവ് വാഗ്ദാനം ചെയ്തുവെന്നാണ് വാട്സാപ്പ് വഴി പ്രചരിക്കുന്നത്.

മാത്രമല്ല സമാജ്‌വാദി പാർട്ടിയെ അധികാരത്തിലെത്തിച്ചാൽ അയോദ്ധ്യയുടെ പേര് മാറ്റുമെന്നും സന്ദേശത്തിൽ പറയുന്നു.സമാജ്‌വാദി പാർട്ടിയുടെ ഐടി സെൽ ഉത്തർപ്രദേശിലെ മുസ്‌ലിങ്ങൾക്ക് ഈ വാട്ട്‌സ്ആപ്പ് സന്ദേശം അയയ്‌ക്കുന്നതായാണ് റിപ്പോർട്ട്. എന്നാൽ ഇത്തരം പ്രചാരണങ്ങൾ വ്യാജമാണെന്ന് സമാജ്‌വാദി പാർട്ടി വക്താവ് മനോജ് കാക്കയും മാദ്ധ്യമങ്ങളോട് പറഞ്ഞു.

എസ്പി സർക്കാർ രൂപീകരിച്ചാൽ രാമക്ഷേത്ര നിർമാണം നിർത്തിവയ്‌ക്കുമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നവർ നുണകളും കിംവദന്തികളും പ്രചരിപ്പിക്കുകയാണെന്നും മനോജ് കാക്ക പറഞ്ഞു. സമാജ്‌വാദി വിജയ് രഥയാത്രയ്‌ക്കിടെ അഖിലേഷ് യാദവ് മുഹമ്മദ് അലി ജിന്നയെ പ്രശംസിച്ചതും വിവാദമായിരുന്നു.