കോട്ടയം: പീഡനക്കേസില്‍ ജലന്തര്‍ ബിഷപ് ഡോ.

ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കുമ്ബോള്‍ ജയിക്കുന്നതും രാമന്‍പിള്ള വക്കീലിന്റെ വാദങ്ങള്‍. കേസില്‍ ഫ്രാങ്കോയ്ക്കായി വാദിക്കാനെത്തിയത് രാമന്‍പിള്ളയാണ്. വിധി വരുമ്ബോള്‍ കോടതിയില്‍ രാമന്‍പിള്ള ഉണ്ടായിരുന്നില്ല. കോവിഡ് ബാധിച്ച്‌ ക്വാറന്റീനിലാണ് രാമന്‍പിള്ള. ദിലീപ് കേസില്‍ രാമന്‍പിള്ള ഫാക്ടര്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ഫ്രാങ്കോ കേസിലെ വിധി.

കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പറഞ്ഞത്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണു കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച്‌ 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസില്‍ വിധിവന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച്‌ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍പ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്. ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി. 2014 മുതല്‍ 2016 വരെയുടെ കാലയളവില്‍ കന്യാസ്ത്രീ കുറുവിലങ്ങാട് മഠത്തില്‍വെച്ച്‌ പീഡനത്തിനിരയായെന്നായിരുന്നു ആരോപണം. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഉവരുടെ പരാതിയിലുണ്ടായിരുന്നു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണു ഹാജരായത്. ഇതില്‍ രാമന്‍പിള്ളയായിരുന്നു ഫ്രാങ്കോയുടെ പ്രധാന വക്കീല്‍. പ്രോസിക്യൂഷന്‍ സാക്ഷികള്‍ ആരും കൂറുമാറാതിരുന്നിട്ടും കേസ് ഫ്രാങ്കോ ജയിച്ചു. വാദങ്ങളെ പൊളിക്കുന്ന തെളിവുകള്‍ രാമന്‍പിള്ള അവതരിപ്പിച്ചതായിരുന്നു ഇതിന് കാരണം. പ്രോസിക്യൂഷന്‍ കരുതലുകള്‍ ഏറെ എടുത്തിട്ടും ഒന്നും തെളിയിക്കാന്‍ കഴിഞ്ഞില്ല.

കന്യാസ്ത്രീയ്‌ക്കെതിരെ ബിഷപ്പ് നടപടികള്‍ എടുത്തിരുന്നു. ഇതിന്റെ പ്രതികാരാമാണ് കേസെന്ന് വരുത്തി തീര്‍ക്കാന്‍ രാമന്‍പിള്ളയുടെ വാദങ്ങള്‍ക്ക് കഴിഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയിലെ ക്ലോസ് എന്‍കൗണ്ടറിലെ അനുപമയുടെ അഭിമുഖവും ചര്‍ച്ചയാക്കി. വിവാദമുണ്ടായ ശേഷമാണ് എല്ലാം അറിഞ്ഞതെന്ന് അഭിലാഷ് മോഹനോട് അനുപമ സമ്മതിച്ചിരുന്നു. അഭിലാഷ് മോഹനെ കോടതി വിളിച്ചു വരുത്തി മൊഴി എടുത്തു. എല്ലാ സാക്ഷികളും കൂറുമാറാതിരുന്നിട്ടും കേസില്‍ ജയം പ്രതിഭാഗത്തിനായി. സാക്ഷി മൊഴികളെ തെളിവുകള്‍ നിരത്തി തകര്‍ക്കുകയായിരുന്നു പ്രതിഭാഗം.

2018 ജൂണില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് വിചാരണ തുടങ്ങിയത്. പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റി. ഒന്നര വര്‍ഷം കൊണ്ടാണു വിചാരണ പൂര്‍ത്തിയാക്കിയത്. വൈക്കം മുന്‍ ഡിവൈഎസ്‌പി കെ.സുഭാഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ കേസില്‍ 2018 സെപ്റ്റംബര്‍ 21ന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണ ദിവസങ്ങളില്‍ തൃശൂരിലെ കുടുംബവീട്ടില്‍ തങ്ങിയാണ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരായത്. നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു മാധ്യമങ്ങള്‍ക്കു കോടതിയുടെ വിലക്കുണ്ടായിരുന്നു.

പീഡനം, തടഞ്ഞുവയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെ ഏഴു വകുപ്പുകളാണു ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയത്. 2000 പേജുള്ള കുറ്റപത്രത്തില്‍ അഞ്ചു ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീകള്‍, ഏഴു മജിസ്‌ട്രേട്ടുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 89 സാക്ഷികളാണ് ഉണ്ടായിരുന്നത്. 10 പേരുടെ രഹസ്യമൊഴിയുണ്ട്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പഞ്ചാബിലെ ഭഗത്പുര്‍ ബിഷപ് ഡോ. കുര്യന്‍ വലിയകണ്ടത്തില്‍, ഉജ്ജയിന്‍ ബിഷപ് സെബാസ്റ്റ്യന്‍ വടക്കേല്‍, പാലാ രൂപത വികാരി ജനറല്‍ ഫാ. ജോസഫ് തടത്തില്‍ തുടങ്ങി 39 സാക്ഷികളെ വിസ്തരിച്ചു. ഇരയായ കന്യാസ്ത്രീയെ 12 ദിവസം വിസ്തരിച്ചു. 122 പ്രമാണങ്ങളും 4 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗത്തുനിന്ന് 6 സാക്ഷികളെ വിസ്തരിച്ചു.