കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് (Dileep) അടക്കം 5 പ്രതികൾ സമര്‍പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഉച്ചയ്ക്ക് പരിഗണിക്കും. രാവിലെ കേസ് പരിഗണിച്ച കോടതി ഉച്ചയ്ക്ക് ഒന്നേ മുക്കാലിലേക്ക് മാറ്റുകയായിരുന്നു. ക്രൈംബ്രാഞ്ച് (Crime Branch) ഡിവൈഎസ്പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപിന്‍റെ വാദം. അപായപ്പെടുത്താൻ ഗൂഢാലോചനയെന്ന കേസ് പൊലീസിന്റെ കള്ളകഥ ആണെന്നും ഹർജിയിൽ പറയുന്നു.

ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹർജി നൽകിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്‍റെ ഹർജിയിലെ പ്രധാന ആരോപണം. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയാൽ ദിലീപിന്‍റെ അറസ്റ്റ് ഇന്നുണ്ടാകാനുള്ള സാധ്യതയുണ്ട്. മറിച്ചാണെങ്കിൽ ദിലീപിന് താത്കാലിക ആശ്വാസമാകും.

എന്നാൽ ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ക്രൈംബ്രാഞ്ച് ശക്തിയുക്തം എതിർക്കും. അന്വേഷണം പുരോഗമിക്കുകയാണെന്നും ദിലീപിനെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും. ജസ്റ്റിസ് പി ഗോപിനാഥാണ് ഹർജി പരിഗണിക്കുന്നത്. ഇന്നലെ കേസിൽ തെളിവ് ശേഖരിക്കുന്നതിനു ദിലീപിന്റെ വീട്ടിലും സ്ഥാപനത്തിലും നടത്തിയ പരിശോധന വിവരങ്ങളും അന്വേഷണ സംഘം കോടതിയെ അറിയിക്കും.

ദിലീപിന്‍റെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയ പൊലീസ് മൊബൈൽ ഫോണുകളും ഹാ‍ർ‍ഡ് ഡിസ്കുകളും പിടിച്ചെടുത്തിരുന്നു. നടിയെ ബലാത്സംഗം ചെയ്ത് പകർത്തിയ ദൃശ്യങ്ങൾ കണ്ടെത്താനും ദിലീപിന്‍റെ പക്കലുണ്ടെന്ന് പറയപ്പെടുന്ന തോക്ക് പിടിച്ചെടുക്കാനുമായിരുന്നു പരിശോധന. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വിവിധ കേന്ദ്രങ്ങളിലായി ക്രൈംബ്രാഞ്ച് പരിശോധനയ്ക്കെത്തിയത്. നടിയെ ആക്രമിച്ച കേസിലും വധഭീഷണിക്കേസിലും റെയ്ഡ് നടത്താൻ പൊലീസിന് കോടതിയുടെ അനുമതിയും കിട്ടിയിരുന്നു. ആലുവയിലെ ദിലീപിന്‍റെ വീട്, സഹോദരൻ അനൂപിന്‍റെ വീട് ഇവരുടെ ഉടമസ്ഥതയിലുളള ഗ്രാന്‍റ് പ്രൊഡക്ഷൻസിന്‍റെ ഓഫീസ് എന്നിവിടങ്ങളിലായിരുന്നു പരിശോധന.

ദിലീപിന്‍റെ പദ്മസരോവരം വീട്ടിലെത്തിയ ഉദ്യോസ്ഥരുടെ മുന്നിൽ ഏറെ നേരം ഗേറ്റ് അടഞ്ഞുകിടന്നു. ഗേറ്റും മതിലും ചാടിക്കടന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധന നടത്താതെ മടങ്ങിപ്പോകില്ലെന്ന് അറിയിച്ചു. ഒടുവിൽ ദിലീപിന്‍റെ സഹോദരിയെത്തി വാതിൽ തുറന്നുകൊടുത്തു. ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിലുളള സംഘം അകത്ത് പരിശോധന തുടങ്ങിയതിന് പിന്നാലെ ദിലീപും ഇവിടെയെത്തി. തന്‍റെ അഭിഭാഷകരേയും ദിലീപ് വിളിച്ച് വരുത്തിയിരുന്നു.

രാത്രി എഴുമണിയോടെയാണ് പദ്മസരോവരത്തിലെ പരിശോധന പൂ‍ർത്തിയായത്. ദിലീപിന്‍റേതടക്കം മൂന്നു മൊബൈൽ ഫോണുകൾ, കംപ്യുട്ടർ ഹാ‍ർഡ് ഡിസ്ക്, രണ്ട് ഐപ്പാഡ്, പെൻഡ്രൈവ് എന്നിവ പിടിച്ചെടുത്തു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ പക്കൽ എത്തിയെന്നാണ് സംവിധാതകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി. ഈ ദൃശ്യങ്ങൾ ഇവരുടെ നിർമാണകമ്പനിയിൽ എത്തിയിരുന്നോയെന്നറിയാനാണ് ഗ്രാന്‍റ് പ്രൊഡക്ഷൻസിലെ പരിശോധന. നടിയെ ആക്രമിച്ച കേസിലെ 5 ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് ദിലീപ് ഭീഷണിമുഴക്കിയപ്പോൾ തോക്ക് കൈവശം ഉണ്ടായിരുന്നതായി ബാലചന്ദ്രകുമാറിന്‍റെ മൊഴിയിലുണ്ട്. ഇതിനുവേണ്ടിക്കൂടിയായിരുന്നു റെയ്ഡ്.