ലക്നൌ: നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിന് ശേഷം ഉത്ത‍ർപ്രദേശ് (Uttar Pradesh) ബിജെപിയിൽ (BJP) നിന്ന് നിരവധി പേരാണ് കൊഴിഞ്ഞുപോയത്. മന്ത്രിസഭയിൽ നിന്ന് രാജി വച്ച സ്വാമി പ്രസാദ് മൗര്യ (Swami Prasad Maurya ) പാ‍ർട്ടിക്ക് വലിയ തലവേദനയായിരിക്കുകയാണ്. ആര്‍എസ്എസ് (RSS) മൂര്‍ഖനെപോലെയും ബിജെപി വിഷം കൂടിയ പാമ്പിനെ പോലെയുമാണെന്നായിരുന്നു രാജി വച്ചതിന് ശേഷമുള്ള മൗര്യയുടെ പ്രസ്താവന. എന്നാൽ താൻ കീരിയെപ്പോലെയാണെന്നും ബിജെപിയെ യുപിയിൽ നിന്ന് തുടച്ചുനീക്കുമെന്നും മൗര്യ പറഞ്ഞു.

യുപിയിൽ ബിജെപിയെ തുടച്ചുനീക്കും വരെ ഞാൻ കീരിയെ പോലെ പോരാടുമെന്നാണ് മൗര്യ ട്വിറ്ററിൽ കുറിച്ചത്. ഇതിന് പിന്നാലെ ബിജെപിയിൽ നിന്ന് വീണ്ടും നിരവധി പേ‍ രാജി വച്ചു. യുപി മന്ത്രിയഭയിൽ നിന്ന് കൂടുതൽ രാജികൾ ഉണ്ടാകുമെന്ന് മൗര്യ പറഞ്ഞിരുന്നു. എട്ട് പേ‍‍ർ ഇതുവരെ യുപി സ‍ർക്കാരിൽ നിന്ന് രാജി വച്ചു.

ബിജെപിയുട അവസാനദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പ്രസാദ് മൗര്യ പറഞ്ഞത്. ദളിതരുടെയും തൊഴിൽ രഹിതരുടെയും ക‍ർഷകരുടെയും ഒപ്പം നിൽക്കാനാണ് താൻ ബിജെപിയെ തള്ളിപ്പറയുന്നതെന്നാണ് മൗര്യ വ്യക്തമാക്കുന്നത്. ദളിത് പിന്നാക്ക വിഭാ​ഗങ്ങൾക്കിടയിൽ വ്യക്തമായ സ്വാധീനമുള്ള നേതാവാണ് മൗര്യ. അദ്ദേഹത്തിന്റെ രാജി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് കടുത്ത തലവേദനയായിരിക്കുകയാണ്.