പത്തനംതിട്ട: ശബരിമലയിൽ (Sabarimala) ഇന്ന് മകരവിളക്ക്. ദർശനത്തിനായി നിരവധി തീർത്ഥാടകരാണ് സന്നിധാനത്തും പമ്പയിലും ഉൾപ്പെടെ എത്തിയിരിക്കുന്നത്. മകരസംക്രമ പൂജയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഉച്ചയ്ക്ക് 2.29 നാണ് അഭിഷേകം. വൈകീട്ട് അഞ്ചരയോടെ തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ എത്തും, തുടർന്ന് ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവരും. ആറെ മുക്കാലോടെ തിരുവാഭരണം ചാർത്തി ദീപാരാധനയും പിന്നാലെ മകരവിളക്ക് ദർശനവും നടക്കും.

കൊവിഡ് നിയന്ത്രണങ്ങൾ നിലവിൽ ഉണ്ടെങ്കിലും 75,000ത്തോളം തീർഥാടകർ ദർശനത്തിന് എത്തും എന്നാണ് ദേവസ്വംബോർഡ് കണക്ക് കൂട്ടുന്നത്.

ഉച്ചയ്ക്ക് 2.29 നാണ് മകരസംക്രമ പൂജ. വൈകീട്ട് 6.30 ന് തിരുവാഭരണം ചാർത്തി ദീപാരാധന. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കും. ളാഹ സത്രത്തിൽ നിന്ന് നാളെ പുലർച്ച യാത്ര പുനരാരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര വൈകീട്ട് അഞ്ചരയോടെ ശരംകുത്തിയിലെത്തും. അവിടെ വച്ച് ആചാരപരമായ വരവേൽപ്പ്.

പാണ്ടിത്താവളം ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ മകരജ്യോതി ദർശിക്കാമെങ്കിലും പർണ്ണശാല കെട്ടാൻ അനുവാദമില്ല. രാവിലെ പത്ത് മണി മുതൽ നിലയ്ക്കലിൽ നിന്നും 11.30 മുതൽ പമ്പയിൽ നിന്നും ഭക്തർക്ക് സന്നിധാനത്തേക്ക് പോകാൻ നിയന്ത്രണമുണ്ട്. പരമാവധി 75000 ഭക്തർക്കാണ് ദർശന സൗകര്യം. ഇതുവരെ ഈ വർഷം 128 കോടി രൂപയാണ് ശബരിമലയിലെ വരുമാനം. ഒമിക്രോണിൽ അന്യസംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണം ശബരിമലയേയും ബാധിച്ചിട്ടുണ്ട്.

രണ്ട് ഡോസ് വാക്സീനെടുത്ത സർട്ടിഫിക്കറ്റോ 72 മണിക്കൂറിനകമെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ തീർത്ഥാടകർ കൈയിൽ കരുതണം.