ആധുനിക കംപ്യൂട്ടർ ലോകത്തെ കോഡിംഗിൽ വിസ്മയം തീർത്ത് അജ്മാനിലെ വിദ്യാർത്ഥികളും സ്‌കൂളും. വിദ്യാർത്ഥികൾ സ്വന്തമായി കോഡ് ചെയ്തു നിർമിച്ച വെബ്‌സൈറ്റുകൾ ഒരേ സമയം ഏറ്റവും കൂടുതൽ പേർ ലോഞ്ച് ചെയ്തതിനുള്ള ഗിന്നസ് റെക്കോർഡ് അജ്മാനിലെ ഹാബിറ്റാറ്റ് സ്‌കൂളിന്.

ഹാബിറ്റാറ്റ് സ്‌കൂൾസ് ഗ്രൂപ്പിന്റെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ അജ്മാൻ അൽ ജുർഫ് അജ്മാൻ, അൽ തല്ലാഹ് അജ്മാൻ എന്നീ സ്‌കൂളുകളിൽ നിന്നുള്ള 4 മുതൽ 12 ഗ്രേഡുകളിലെ 2,803 വിദ്യാർഥികളാണ് വിഡിയോ ഹാങ് ഔട്ടിൽ പങ്കെടുത്തത്. 542 ഉപയോക്താക്കളുമായി വൈപേ ജമൈക്ക സ്ഥാപിച്ച റെക്കോർഡാണ് ഇവർ മറികടന്നത്. ഇതു രണ്ടാം തവണയാണ് ഹാബിറ്റാറ്റിന് ഗിന്നസ് റെക്കോർഡ് ലഭിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ് അംഗങ്ങൾ നേരിട്ടെത്തിയാണ് പ്രകടനം വിലയിരുത്തിയത്.

2019ൽ നിശ്ചിത സമയത്തിനുള്ളിൽ ലോകത്ത് ഏറ്റവും കൂടുതൽ തൈകൾ വിതരണം ചെയ്തതിനായിരുന്നു ആദ്യ റെക്കോർഡ്. ഹാബിറ്റാറ്റ് സ്‌കൂളുകളിൽ ചെറിയ ക്ലാസുകൾ മുതൽ കോഡിങ് പഠിപ്പിക്കുന്നതായും റെക്കോർഡ് സ്ഥിരീകരിച്ചതെന്നും സ്‌കൂൾ ചെയർമാൻ ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി, എംഡി: സി.ടി. ഷംസു സമാൻ എന്നിവർ പറഞ്ഞു. എൻ.പി.മുഹമ്മദ് ഹാരിസ് ഹാബിറ്റാറ്റ് സിഇഒ: സി.ടി. ആദിൽ, അക്കാദമിക് ഡീൻ വസീം യൂസഫ് ഭട്ട്, പ്രിൻസിപ്പൽമാരായ ഖുറത്ത് ഐൻ, മറിയം നിസാർ, ബാല റെഡ്ഡി അമ്പാടി, വിദ്യാർഥികളായ ബെഞ്ചമിൻ അഡെവാലെ അഡെഡോയിങ്, മയൂരി എസ്. മേനോൻ, മുഹമ്മദ് റാസിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.