കൊൽക്കത്ത: ബംഗാളിലെ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. 45 പേർക്ക് പരിക്കേറ്റു. ബംഗാളിൽ ജയ്പായ്ഗുഡി ജില്ലയിൽ ന്യൂദൊഹോമണിയ്്ക്ക് സമീപം ഇന്നലെയാണ് ട്രെയിൻ പാളം തെറ്റി മറിഞ്ഞത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇന്ന് സ്ഥലം സന്ദർശിക്കും. 1200ഓളം യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ഗുവാഹത്തി-ബിക്കാനിർ എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.

ട്രെയിനിന്റെ 12 കോച്ചുകളാണ് പാളം തെറ്റിയത്. ഇവയിൽ അഞ്ചെണ്ണം മറിയുകയും ചെയ്തു. ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് ജനാലകൾ പൊളിച്ചുമാറ്റിയാണ് യാത്രക്കാരെ രക്ഷപെടുത്തിയത്. പരിക്കേറ്റവരെ ജൽപായ്ഗുഡി ജില്ലാ ആശുപത്രിയിലും മൊയ്‌നോഗുരി ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പത്ത് പേരെ സിലിഗുരിയിലെ നോർത്ത് ബംഗാൾ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നിസ്സാരമായി പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുന്നൂറിലധികം ബിഎസ്എഫ്, എൻഡിആർഎഫ് പ്രവർത്തകർ ചേർന്നാണ് രക്ഷാദൗത്യം നടത്തിയത്. ഒൻപതോളം ട്രെയിനുകളെ റെയിൽവേ വഴിതിരിച്ചുവിട്ടു. അപകടത്തിൽ ഉന്നതതല അന്വേഷണത്തിന് റെയിൽവേയുടെ സുരക്ഷാ കമ്മിഷൻ ഉത്തരവിട്ടിട്ടുണ്ട്.