തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഫേസ്ബുക്കിലൂടെ നൽകിയ ജാഗ്രതാനിർദ്ദേശത്തിന് ട്രോൾ പെരുമഴ. തിരുവനന്തപുരത്തെ തിരുവാതിരയും സിപിഎം പാർട്ടിസമ്മേളനങ്ങളും മറ്റ സർക്കാർ പരിപരിപാടികളും ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ കൊഴുക്കുന്നത്.

ജാഗ്രത വേണമെന്ന ആരോഗ്യമന്ത്രിയുടെ നിർദ്ദേശത്തിന് താഴെ തിരുവാതിര നടത്താമോ എന്നാണ് അധികമാളുകളും ചോദിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഏഴമണിയോടെയിട്ട പോസ്റ്റിൽ ബുധനാഴ്ച ഉച്ചയോടെ അയ്യായിരത്തിയഞ്ഞൂറോളം കമന്റുകളാണ് വന്നത്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം, മാസ്‌ക് ധരിക്കണം, രോഗലക്ഷണങ്ങൾ ഉള്ളവർ പുറത്തിറങ്ങരുത് തുടങ്ങിയ പൊതു നിർദ്ദേശങ്ങളാണ് മന്ത്രിയുടെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

തിരുവാതിരയ്‌ക്ക് പകരം ഒപ്പന നടത്താമോ?, പാർട്ടി സമ്മേളനങ്ങൾ നിർത്തിവെക്കുമോ?, ഇത്തരം പോസ്റ്റിട്ട് ജനങ്ങളെ വിഡ്ഢിയാക്കുകയാണ്, ഇതെല്ലാം ഒഴിവാക്കിക്കൂടേ? തുടങ്ങിയ അഭിപ്രായങ്ങളാണ് ഉയരുന്നത്. പ്രവാസികളുടെ ക്വാറന്റൈനിനെതിരേയുള്ള പരാമർശങ്ങളും ഉയരുന്നുണ്ട്. സാധാരണ തിരുവാതിര അല്ല കളിക്കേണ്ടതെന്നും, കളിയിലെ പാട്ട് നേതാവിനെ കുറിച്ചായിരിക്കണമെന്നും, പാലം പണി പോലുള്ള പരിപാടികളിൽ ആയിരത്തിലധികം ആളുകളെ ഉൾപ്പെടുത്താമെന്നും ട്രോളുകൾ ഉയരുന്നു.

കല്യാണത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തി എന്നാൽ, കല്യാണത്തിൽ തിരുവാതിര ഉൾപ്പെടുത്തിയാൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാമോ എന്നും ചിലർ ചോദിക്കുന്നുണ്ട്. ആരും തന്നെ ജാഗ്രത നിർദ്ദേശത്തെ അനുകൂലിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല.