ഹൈദരാബാദ്: ചെയ്യുന്ന ജോലിയുടെ പേരിൽ ഒരു കൂട്ടം സാധാരണക്കാരെ മാറ്റി നിർത്തിയിരിക്കുകയാണ് ഹൈദരാബാദിലെ ഹൗസിംഗ് സൊസൈറ്റി. ഈ ഹൗസിംഗ് സൊസൈറ്റിലെ വീട്ടുജോലിക്കാരും, ഡ്രൈവർമാരും, ഇവിടെയുള്ള വീടുകളിലേയ്‌ക്ക് സാധനങ്ങളുമായി എത്തുന്ന ഡെലിവറി ജീവനക്കാരുമാണ് ഇത്തരത്തിൽ മാറ്റി നിർത്തപ്പെട്ടത്. ചെയ്യുന്ന തൊഴിലിന്റെ പേരിൽ ആളുകളിൽ വിവേചനം സൃഷ്ടിച്ചതിന് സമൂഹമാദ്ധ്യമങ്ങളിൽ ഈ ഹൗസിംഗ് സൊസൈറ്റിയ്‌ക്ക് എതിരെയുള്ള വിമർശനങ്ങൾ കൊഴുക്കുകയാണ്.

തെലങ്കാനയിലെ സൈബരബാദിലുള്ള ഹൗസിംഗ് സൊസൈറ്റിയിലെ ലിഫ്റ്റിന് മുന്നിലാണ് ഇത്തരത്തിൽ ആളുകൾ ചെയ്യുന്ന ജോലിയുടെ പേരിൽ വെർതിരിവുണ്ടാക്കി ഒരു നോട്ടീസ് പതിച്ചത്. വീട്ടുജോലിക്കാർ, ഡ്രൈവർമാർ, ഡെലിവറി ജീവനക്കാർ എന്നിവർ ലിഫ്റ്റ് ഉപയോഗിച്ചാൽ 300 രൂപ വീതം പിഴ ഈടാക്കും എന്നാണ് നോട്ടീസിൽ പറയുന്നത്. തെലുങ്കിലും, ഇംഗ്ലീഷിലും ഈ സന്ദേസം വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്.

വിവേചനം സൃഷ്ടിക്കുന്ന ഈ നോട്ടീസിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ ആളുകൾ വിമർശനങ്ങളുമായി രംഗത്തെത്തി. വീട്ടുജോലിക്കാർ തയ്യാറാക്കി നൽകുന്ന ഭക്ഷണത്തിന് ഈ വിവേചനം ഉണ്ടോ എന്നാണ് അനേകം ആളുകൾ ചോദ്യം ഉന്നയിച്ചത്.

എന്നാൽ ചിലരാകട്ടെ, ഇതിന് അനുകൂലിച്ചും അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്. ഹൗസിംഗ് സൊസൈറ്റിയിലെ പ്രധാന ലിഫ്റ്റ് ഉപയോഗിക്കുന്നതിലാണ് വിലക്കെന്നും ജോലിക്കാർക്ക് മാത്രമായി സർവീസ് ലിഫ്റ്റ് ഉണ്ടെന്നും ആളുകൾ അഭിപ്രായപെട്ടു. കൊറോണ മഹാമാരി പടർന്നുപിടിക്കുന്ന കാലത്ത്, ജോലിക്കാർ പ്രധാന ലിഫ്റ്റ് ഉപയോഗിച്ച്, അതുവഴി അവർക്ക് രോഗം പിടിപെടാതിരിക്കാനാവാം ഇത്തരത്തിലൊരു തീരുമാനമെന്ന് ചിലർ ന്യായീകരിക്കുന്നു.