അഹമ്മദാബാദ്: ഗുജറാത്തിൽ മകരസംക്രാന്തി രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ഒരു പ്രധാന ഉത്സവമാണ്. പതംഗ് എന്നറിയപ്പെടുന്ന പട്ടം പറത്തൽ ഉത്സവം ഈ ദിവസം ഇവിടെ സംഘടിപ്പിക്കും. ഉത്സവത്തിന്റെ ഭാഗമായി രാജ്‌കോട്ട് മാർക്കറ്റിൽ വിൽപ്പനയ്‌ക്കെത്തിച്ച പട്ടങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വിവിധ വർണ്ണങ്ങളിലും രൂപത്തിലുമുള്ള പട്ടങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, അഭിനേതാക്കൾ, ക്രിക്കറ്റ് താരങ്ങൾ തുടങ്ങിയവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള വിവധതരം പട്ടങ്ങളാണ് ഇത്തണ വിപണിയിലെത്തിച്ചിരിക്കുന്നത്. വിവിധ തരത്തിലുള്ള 1500ൽ അധികം പട്ടങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത പട്ടത്തിന് ആവശ്യക്കാർ ഏറെയാണെന്ന് വിൽപ്പനക്കാരനായ ഗൗരവ് ഭായ് പറഞ്ഞു.

കൊറോണ മഹാമാരി കാലത്ത് പട്ടംപറത്തൽ ഉത്സവത്തിന് വിലക്ക് ഏർപ്പെടുത്തുമെന്നാണ് കരുതിയത്. എന്നാൽ സർക്കാർ ഉത്സവത്തിന് അനുമതി നൽകിയിട്ടുണ്ട്. ജീവിതം പ്രതിസന്ധിയിലായ തങ്ങൾക്ക് വലിയ ആശ്വാസമാണ് ഈ തീരുമാനമെന്നും നിരവധി ആളുകൾ പട്ടം വാങ്ങാൻ വന്നുവെന്നും ഗൗരവ് പറഞ്ഞു.

പ്രത്യേക ഭാരം കുറഞ്ഞ കടലാസും മുളയും ഉപയോഗിച്ചാണ് പട്ടങ്ങൾ നിർമ്മിക്കുന്നത്. പ്രധാന നഗരങ്ങളായ അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ജാംനഗർ എന്നിവിടങ്ങളിൽ ആളുകൾ വീടുകളുടെ ടെറസുകളിൽ നിന്ന് ആഘോഷത്തിന്റെ രണ്ട് ദിവസവും പട്ടങ്ങൾ പറത്തും. വലിയ ആഘോഷമാണ് ഗുജറാത്തുകാർക്ക് മകരസംക്രാന്തി.

ഹിന്ദു സംസ്‌കാരങ്ങളിൽ പ്രശസ്തമായ ഉത്സവമായ മകരസംക്രാന്തി പുതുവർഷത്തിലെ ആദ്യത്തെ ഇന്ത്യൻ ഉത്സവമാണ്. ഈ ദിവസം സൂര്യൻ ദക്ഷിണായന രേഖയിൽ നിന്ന് ഉത്തരായനത്തിലേക്ക് നീങ്ങുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത പേരുകളിൽ മകരസംക്രാന്തി ആഘോഷിക്കുന്നുണ്ട്. ഗുജറാത്തിൽ അത് പതംഗ് ആണെങ്കിൽ ബംഗാളിൽ ഇന്ന് കൊയ്‌ത്തുത്സവമാണ്. ഉത്തർപ്രദേശിൽ കിച്ചേരി ഉത്സവം എന്നാണ് അറിയപ്പെടുന്നത്.