ന്യൂഡൽഹി: രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുന്നു കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പേർക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഇന്നലത്തെ പ്രതിദിന രോഗികളെക്കാൾ 6.7% വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 36,582,129 ആയി.

രാജ്യത്തിന് ആശ്വാസമായി രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. 1,09,345 പേർക്കാണ് ഇന്നലെ മാത്രം രോഗം ഭേദമായത്. നിലവിൽ 12,72,073 പേരാണ് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമായി ഉയർന്നിട്ടുണ്ട്.

രാജ്യത്ത് കൊറോണ വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 1,55,39,81,819 വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തത്. 24 മണിക്കൂറിനിടെ 315 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 4,85,350 ആയി ഉയർന്നു. ഇതുവരെ 5,753 പേർക്കാണ് രാജ്യത്ത് കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്.