ന്യൂഡൽഹി: ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കൈലാസനാഥൻ എന്ന പരമ്പരയിലൂടെ സതീദേവിയായി എത്തിയ മൗനി റോയിയെ ആർക്കും മറക്കാനാകില്ല. പിന്നീട് നാഗകന്യകയായും മൗനി റോയ് കുടുംബ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ചു. മലയാള പരമ്പരകളിലൂടെയെത്തി കേരളീയരുടെയും മനസിൽ ഇടംപിടിച്ച ഈ ബോളിവുഡ് അഭിനേത്രിയുടെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

മലയാളികളുടെ പ്രിയനടി മൗനി റോയ് വിവാഹം കഴിക്കാൻ പോകുന്നതും ഒരു മലയാളിയെ ആണെന്നതാണ് കൗതുകം. ബെഗളൂരുവിൽ സ്ഥിരതാമസക്കാരനായ സൂരജ് നമ്പ്യാരാണ് വരൻ. ദുബായിൽ ബിസിനസുകാരനും ബാങ്കറുമാണ് സൂരജ് നമ്പ്യാർ. ജനുവരി 27ന് ഗോവയിൽ വെച്ചാണ് ഇരുവരുടെയും വിവാഹം.

കരൺ ജോഹർ, മനീഷ് മൽഹോത്ര ഉൾപ്പെടെ നിരവധി താരങ്ങൾക്കും വിവാഹത്തിന് ക്ഷണം ലഭിച്ചിട്ടുണ്ട്. കർശനമായ കൊറോണ നിയന്ത്രണങ്ങൾ പാലിച്ചാണ് വിവാഹ ആഘോഷങ്ങൾ നടക്കുക. രണ്ട് ദിവസങ്ങളിലായി വിവാഹ ചടങ്ങുകൾ നടക്കും. രൺബീർ കപൂർ, ആലിയ ബട്ട് എന്നിവർ ചേർന്നഭിനയിക്കുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്ന മൗനി റോയ് ചിത്രം.