ബെംഗളൂരു: പോലീസുകാർ കള്ളനെ ഓടിച്ചിട്ട് പിടിക്കുന്നത് സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ അതുപോലൊരു കാഴ്‌ച്ചയ്‌ക്കാണ് മംഗളൂരു നഗരവും സാക്ഷ്യം വഹിച്ചത്. വരുൺ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് ‘സിങ്കം സ്റ്റൈലിൽ’ കള്ളനെ ഓടിച്ചിട്ട് പിടികൂടിയത്.
ബുധനാഴ്ചയാണ് സംഭവം. നെഹ്‌റു മൈതാനത്തിന് സമീപം ഒരാളുടെ മൊബൈൽ മോഷ്ടിച്ച സംഘം രക്ഷപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവരെ പിടികൂടുന്ന ദൃശ്യങ്ങളാണ് വൈറലായത്.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മോഷണം നടന്ന് 10 മിനിട്ടുനുള്ളിലാണ് വരുൺ കള്ളനെ ഓടിച്ചിട്ട് പിടികൂടിയത്. 45 സെക്കന്റ് ദൈര്ഘ്യമുള്ള ക്ലിപ്പില് പോലീസുകാരന് ഒരാളെ വട്ടം പിടിച്ച് നില്ക്കുന്നത് കാണാം. ജനക്കൂട്ടം ചുറ്റും കൂടിയിട്ടുമുണ്ട്. മോഷ്ടാവ് രക്ഷപെടാതിരിക്കാനായി വരുൺ സഹായത്തിനായി കൂടി നിന്നവരെ വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അവിടെയുണ്ടായിരുന്നവർ ചേർന്ന് കള്ളനെ പിടിച്ച് നിർത്തുന്നതും ദൃശ്യങ്ങളിലുണ്ട്. അതിനുശേഷം പോലീസുകാരൻ മോഷ്ടാവിന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ കണ്ടെടുക്കുകയും ചെയ്തു.

‘മംഗളൂരു സിറ്റി പോലീസിലെ വരുണിന് സല്യൂട്ട്‘ എന്ന തലക്കെട്ടോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.