കൊല്ലം; നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ (22) ആണ് മരിച്ചത്.

ഇന്നലെ രാവിലെയാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു കതക് പൊളിച്ചു പുറത്തെടുത്തു ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

പരാതി നല്‍കി അച്ഛന്‍

ആറു മാസം മുന്‍പാണ് ശ്യാം രാജും സ്വാതിശ്രീയും വിവാഹിതരാവുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ രം​ഗത്തെത്തി. തേവലക്കര പാലയ്ക്കല്‍ തോട്ടുകര വീട്ടില്‍ പി.സി.രാജേഷിന്റെയും ബീനയുടെയും മകളാണ്. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ പിതാവ് ചവറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

സംഭവസമയം ശ്യാംരാജ് പിതാവിനൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നുവെന്നാണു പറയുന്നതെന്നു പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.