വാഷിംഗ്ടൺ: ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിന് സഹായം നൽകിയവർക്കെതിരെ ഉപരോധവുമായി അമേരിക്ക. ഒരു സ്ഥാപനത്തിനും ഏഴ് വ്യക്തികൾക്കുമാണ് ബൈഡൻ ഭരണകൂടം ഉപരോധം ഏർപ്പെടുത്തിയത്. തുടർച്ചയായ രണ്ട് ഹൈപ്പർസോണിക് മിസൈൽ പരീക്ഷണങ്ങൾക്ക് പിന്നാലെയാണ് യുഎസ് നടപടി.

റഷ്യൻ സ്ഥാപനമായ പർസേക് എൽഎൽസിക്ക് ഉൾപ്പെടെയാണ് ഉപരോധം ഏർപ്പെടുത്തിയത്. ഇത് കൂടാതെ ആറ് കൊറിയൻ സ്വദേശികളും ഒരു റഷ്യൻ പൗരനും ഉപരോധ പട്ടികയിൽ ഉൾപ്പെടും. റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമാണ് മിസൈൽ നിർമാണത്തിനും പരീക്ഷണത്തിനുമുളള സാധനങ്ങളും സംവിധാനങ്ങളും ഉത്തര കൊറിയ സ്വന്തമാക്കിയതെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

ചൈനയിൽ നിന്നാണ് മിസൈൽ പരീക്ഷണങ്ങൾക്കുളള സോഫ്റ്റ് വെയറും രാസവസ്തുക്കളും സംഘടിപ്പിച്ചത്. മിസൈൽ നിർമാണത്തിനുളള ഉരുക്ക് വസ്തുക്കളും ചൈനയിൽ നിന്നാണ് വാങ്ങിയത്. ചൈന കേന്ദ്ര്മാക്കി പ്രവർത്തിക്കുന്ന കൊറിയൻ സ്വദേശികൾ വഴിയാണ് ഈ സാധനങ്ങൾ സ്വന്തമാക്കിയത്. ഇവർക്കുൾപ്പെടെയാണ് ഉപരോധമേർപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന രണ്ടാമത്തെ പരീക്ഷണം നേരിട്ട് കാണാൻ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും എത്തിയിരുന്നു. സൈന്യത്തെ നവീകരിക്കാൻ കൂടുതൽ ആയുധങ്ങൾ വികസിപ്പിക്കണമെന്ന ആഹ്വാനവും കിം ശാസ്ത്രജ്ഞർക്ക് നൽകിയിരുന്നു. ജപ്പാനാണ് മിസൈൽ പരീക്ഷണത്തിന്റെ വാർത്ത പുറത്തുവിട്ടത്.

സെപ്തംബറിന് ശേഷം ഉത്തരകൊറിയ ആറ് ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളാണ് നടത്തിയതെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് ചൂണ്ടിക്കാട്ടി. വിദേശരാജ്യങ്ങളിൽ നിന്ന് നയതന്ത്ര പ്രതിനിധികളെ ഉപയോഗിച്ച് ആയുധങ്ങളും സാധനങ്ങളും വാങ്ങുന്നതിന് തടയിടാൻ ലക്ഷ്യമിട്ടാണ് ഉപരോധമെന്നും ട്രഷറി ഡിപ്പാർട്ട്‌മെന്റ് വിശദീകരിച്ചു.

ലോകരാജ്യങ്ങൾ വിലക്കിയിട്ടുള്ള നിരവധി ആയുധശേഖരം കൊറിയയുടെ പക്കലുണ്ടെന്നതിന് തെളിവാണ് അടിക്കടി നടന്ന ഈ പരീക്ഷണങ്ങളെന്ന് ട്രഷറി ഡിപ്പാർട്ട്‌മെന്റിലെ തീവ്രവാദ, ധനകാര്യ രഹസ്യാന്വേഷണ വിഭാഗം അണ്ടർ സെക്രട്ടറി ബ്രിയാൻ നെൽസൺ പറഞ്ഞു.