തിരുവനന്തപുരം: ചുരുളി സിനിമയിലെ ഭാഷാ പ്രയോഗങ്ങൾ ക്രിമിനൽ കുറ്റമായി കാണാനാകില്ലെന്ന് എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം. സിനിമയിലെ ഭാഷാ പ്രയോഗം സന്ദർഭത്തിന് യോജിച്ചതെന്നാണ് വിലയിരുത്തൽ. ആവിഷ്‌കാര സ്വാതന്ത്യത്തിന് പരിഗണന നൽകാൻ പ്രത്യേക അന്വേഷണ സംഘത്തിൽ ധാരണയായിട്ടുണ്ട്.

ഹൈക്കോടതി നിർദ്ദേശ പ്രകാരമായിരുന്നു ചുരുളിയിലെ ഭാഷാ പ്രയോഗത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സിമിതിയെ നിയമിച്ചത്. സിനിമയ്‌ക്കെതിരെയുള്ള ഹർജി പരിഗണിക്കവെ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് അറിയിക്കാൻ ഹൈക്കോടതി എഡിജിപിയ്‌ക്ക് നിർദ്ദേശം നൽകിയിരുന്നു. എസ്പിമാരായ ദിവ്യ ഗോപിനാഥ്, എ നസീം എന്നിവരും സമിതിയിലുണ്ടായിരുന്നു.

ചിത്രത്തിൽ നിയമലംഘനം നടന്നിട്ടില്ലെന്നെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ. സിനിമ എന്നത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും അതിൽ കൈകടത്താൻ സാധിക്കില്ലെന്നും കോടതി അറിയിച്ചിരുന്നു. ചുരുളി ഒടിടി പ്ലാറ്റ്ഫോമിൽ നിന്നും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.