ടെസ്ലയുടെ ഇന്ത്യൻ പ്രവേശനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സ്ഥാപകൻ ഇലോൺ മസ്‌ക്. രാജ്യത്തെ നിരത്തുകളിലേയ്‌ക്ക് ടെസ്ലയെ അവതരിപ്പക്കുമെന്ന് ഇലോൺ മസ്‌ക് നേരത്തെ അറിയിച്ചിരുന്നു. കാർ ഇന്ത്യയിൽ അവതരിപ്പിക്കാൻ ധാരാളം നിയമ തടസങ്ങൾ ഉണ്ടെന്നും സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും മസ്‌ക് പറഞ്ഞു.

‘ഇന്ത്യയിൽ നിയമങ്ങൾ കർശനമാണ്. അതിനാൽ തന്നെ മറ്റ് രാജ്യങ്ങളിലെ പോലെ വാഹനങ്ങൾ ഇന്ത്യൻ നിരത്തിൽ അവതരിപ്പിക്കുക എളുപ്പമല്ല. നികുതിയുടെ കാര്യങ്ങളിലടക്കം സർക്കാരുമായി ചർച്ച നടത്തുന്നുണ്ട്’ മസ്‌ക് വ്യക്തമാക്കി. ടെസ്ലയുടെ ഇന്ത്യൻ പ്രവേശനത്തെ കുറിച്ച് ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് ഉത്തരമായാണ് മസ്‌ക് ഇക്കാര്യം ട്വിറ്ററിൽ കുറിച്ചത്.

ലോകത്തിലെ മറ്റ് രാജ്യങ്ങളിലെ പോലെ അത്ര എളുപ്പമല്ല, ഇന്ത്യയിൽ വാഹനം അവതരിപ്പിക്കാൻ. ഇവിടെ നികുതി അടക്കമുള്ള കാര്യങ്ങളും, നിയമങ്ങളും കർശനമാണ്. അതുകൊണ്ട് തന്നെയാണ് ഈ വർഷം ഇന്ത്യയിലേയ്‌ക്ക് ടെസ്ല കാറുകൾ എത്തുന്നതിനെ കുറിച്ച് ഇനിയും വ്യക്തത ലഭിക്കാത്തത്. എന്തായാലും കാറുകൾ ഇന്ത്യയിൽ എത്തിച്ചിരിക്കും എന്നും ഇലോൺ മസ്‌ക് കൂട്ടിച്ചേർത്തു.

2021 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെസ്ല സ്ഥാപകൻ ചർച്ച നടത്തിയിരുന്നു. നികുതി ഇളവ് അടക്കമുള്ള കാര്യങ്ങൾ പ്രധാനമന്ത്രിയോട് ചോദിച്ചറിഞ്ഞതായി ഇലോൺ മസ്‌ക് അറിയിച്ചിരുന്നു. നിലവിൽ രാജ്യത്തെ വാഹന നിർമ്മാതാക്കൾ ചിപ്പ് ക്ഷാമം നേരിടുന്നതിനാൽ ടെസ്ലയുടെ രംഗപ്രവേശനത്തെ കുറിച്ചും വിൽപനയെ കുറിച്ചും ആശങ്കകൾ നിലനിന്നിരുന്നു.

ടെസ്ലയുടെ ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ എത്തുന്നത് രാജ്യത്തെ മറ്റ് ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്ക് വെല്ലുവിളിയാണെന്നും, ടെസ്ല കാറുകൾക്ക് സംവരണം നൽകുന്നതിനെ കുറിച്ചും മറ്റ് വാഹന നിർമ്മാതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തെ എല്ലാ വാഹന നിർമ്മാതാക്കളുടെയും ആവശ്യം പരിഗണിച്ചും, വാഹന വിപണിയിൽ ഇന്ത്യയുടെ ഭാവിയെ കുറിച്ചും ചിന്തിച്ചായിരിക്കും ഒരു തീരുമാനമെടുക്കുക എന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.