മകൾ വാമികയുടെ ഒന്നാം പിറന്നാൾ ആഘോഷം കെങ്കേമമാക്കി വിരാട് കോഹ്ലിയും അനുഷ്‌കയും. 2021 ജനുവരി 11നായിരുന്നു വാമികയുടെ ജനനം. അന്ന് മുതൽ മകളുടെ സ്വകാര്യത നിലനിർത്താൻ ഇരുവരും ശ്രദ്ധിച്ചിട്ടുണ്ട്. ഇതുവരെ മകളുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ കോഹ്ലിയും അനുഷ്‌കയും എവിടെയും പങ്കുവെച്ചിട്ടില്ല. വാമികയുടെ ഒന്നാം പിറന്നാൾ ദിനത്തിലും ഈ പതിവ് അവർ തെറ്റിച്ചില്ല. നിലിവിൽ കോഹ്ലിയും, അനുഷ്‌കയും മകളും ദക്ഷിണാഫ്രിക്കയിലാണ്.

ക്രിക്കറ്റ് താരം വൃദ്ധിമാൻ സാഹയുടെ ഭാര്യ റോമി മിത്രയാണ് വാമികയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചത്. ഇതിന് മറുപടിയായി സാഹയുടെയും റോമിയുടെയും മകൾ അൻവിക്കൊപ്പം വാമിക ഇരിക്കുന്ന ചിത്രം അനുഷ്‌ക പോസ്റ്റ് ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു. പിന്നീട് അനുഷ്‌ക തന്റെ ഇൻസ്റ്റഗ്രാമിൽ വിരാടിനും വാമികയ്‌ക്കും ഒപ്പമുള്ള ഒരു ചിത്രവും പങ്കുവെച്ചു.

മകളുമായി ഒന്നിച്ചുള്ള ചിത്രം അപൂർവ്വമായാണ് കോഹ്ലിയും അനുഷ്‌കയും പോസ്റ്റ് ചെയ്യാറുള്ളത്. ഇങ്ങനെ പങ്കുവെയ്‌ക്കാറുള്ള ചിത്രങ്ങളിൽ ഒന്നും തന്നെ വാമികയുടെ മുഖം വ്യക്തമാക്കിയിരുന്നില്ല. കുഞ്ഞിന്റെ ചിത്രങ്ങൾ എടുക്കരുതെന്ന് ഇരുവരും മാദ്ധ്യമങ്ങളോടും ആവശ്യപ്പെട്ടിരുന്നു.