ന്യൂഡൽഹി : രാജ്യത്ത് കെറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. പ്രതിദിന കേസുകൾ രണ്ടര ലക്ഷത്തിലേക്കാണ് അടുക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 2,47,417 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 27 ശതമാനം വർദ്ധനവാണ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.

എട്ട് മാസത്തിന് ശേഷമാണ് കൊറോണ രോഗികളുടെ എണ്ണത്തിൽ ഇത്ര വർദ്ധനവുണ്ടാകുന്നത്. ഇതോടെ രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും (ടിപിആർ) വർദ്ധിച്ചിട്ടുണ്ട്. നിലവിൽ 13.11 ശതമാനമാണ് ടിപിആർ. രോഗമുക്തി നിരക്കിലും വർദ്ധനവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 84,825 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ രാജ്യത്ത് 11,17,531 സജീവ രോഗികളുണ്ട്. അതേസമയം രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 5488 ആയി.

കൊറോണ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായി യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ കൊറോണ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് പ്രത്യേക യോഗം വിളിച്ചത്. സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ചും ഇന്ന് തീരുമാനമെടുക്കും.