ദോഹ: ഖത്തറിൽ 24 മണിക്കൂറിനിടെ 4,169 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മൂന്നാം തരംഗത്തിൽ ഒറ്റദിവസം കൊണ്ട് ഇത്രയുമധികം പേർ രോഗബാധിതരാവുന്നത് ഇതാദ്യമാണ് . ഇതോടെ നിലവിൽ രോഗികളുടെ എണ്ണം 28,470 ആയി ഉയർന്നു.

ഇന്ന് രണ്ടു രോഗികൾ മരണമടഞ്ഞതോടെ ആകെ കൊറോണ മരണം 621 ആയി. 57ഉം 91ഉം വയസ്സുള്ളവരാണ് ഇന്ന് മരണമടഞ്ഞത്. ആഗോള തലത്തിൽ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ച 4,169 പേരിൽ 3,573 പേർ ഖത്തർ നിവാസികളും 596 പേർ യാത്രക്കാരുമാണ്. 539 പേരാണ് 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. 828 പേർ രോഗമുക്തി നേടി.

കൊറോണ കൂടുന്ന സാഹചര്യത്തിൽ മരുന്നുകൾ വീട്ടിലെത്തി ക്കുന്ന സംവിധാനം തുടരുമെന്നു ഖത്തർ പ്രാഥമികാരോഗ്യ കേന്ദ്രം അറിയിച്ചു. ഖത്തർ പോസ്റ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഓരോ ആരോഗ്യകേന്ദ്രത്തിനും പ്രത്യേകം വാട്‌സാപ്പ് നമ്പർ നൽകിയിട്ടുണ്ട്. ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ ഉച്ചയ്‌ക്ക് 2 വരെയും വൈകിട്ട് 4 മുതൽ രാത്രി 10 വരെയും അതതു പിഎച്ച്‌സിയുടെ നമ്പറിൽ മരുന്ന് ആവശ്യപ്പെടാം. വാട്‌സാപ്പ് നമ്പറിലേക്ക് ഹലോ എന്ന സന്ദേശമാണ് ആദ്യം അയക്കേണ്ടത്. തുടർന്ന് ഫാർമസിസ്റ്റ് രോഗിയെ തിരിച്ചു വിളിക്കും. രണ്ടു ദിവസത്തിനുള്ളിൽ തപാലിൽ മരുന്ന് ലഭിക്കും.