ന്യൂഡൽഹി: ലോകം മുഴുവനും കൊറോണ വൈറസ് വ്യാപനം വർദ്ധിക്കുകയാണെന്നും ഇന്ത്യയിലെ മുന്നൂറോളം ജില്ലകളിൽ വളരെ വലിയ തോതിൽ രോഗ വ്യാപനമുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം.

ജനുവരി 12ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം ഒമ്പതര ലക്ഷം കവിഞ്ഞിരിക്കുകയാണ്. 9,55,319 സജീവ രോഗികളാണ് നിലവിലുള്ളത്. ഡിസംബർ അവസാനം 1.1 ശതമാനമായിരുന്ന പോസിറ്റിവിറ്റി നിരക്ക് 11.05 ശതമാനമായി കുത്തനെ ഉയർന്നു കഴിഞ്ഞു.

രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്നത് പ്രധാനമായും എട്ട് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, ഡൽഹി, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ്, കേരള, ഗുജറാത്ത് എന്നിവിടങ്ങളിലാണ് വൈറസ് വ്യാപനം രൂക്ഷമായിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒറ്റയടിക്ക് 407 ഒമിക്രോൺ കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രതികരണം. അയ്യായിരത്തോളം പേർക്ക് ഇതുവരെ ഒമിക്രോൺ ബാധിച്ചതായും കേന്ദ്രം അറിയിച്ചു.