കൊച്ചി : അക്കൗണ്ടന്റിനെ കാണാന്‍ ശിവശങ്കറും സ്വപ്ന സുരേഷും വീട്ടിലെത്തിയത് ബാഗ് നിറയെ പണവുമായെന്ന് വെളിപ്പെടുത്തി എന്‍ഫോഴ്സ്മെന്റ് വകുപ്പ്. ശിവശങ്കര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ നല്കിയ വിശദീകരണത്തിലാണ് എന്‍ഫോഴ്സ്മെന്റിന്റെ ഈ വെളിപ്പെടുത്തല്‍.
ബാഗില്‍ 30 ലക്ഷം രൂപയുമായാണ് ഇരുവരും വന്നതെന്നും, ആ പണം കൈകാര്യം ചെയ്യാന്‍ താന്‍ മടിച്ചുവെന്നും വേണുഗോപാല്‍ മൊഴി നല്‍കിയതായി എന്‍ഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു. പണം സത്യസന്ധമായ സ്രോതസ്സില്‍ നിന്ന് ആണെന്ന് സ്വപ്നം വിശദീകരിച്ചപ്പോള്‍ ലോക്കറില്‍ വയ്ക്കാനാണ് താന്‍ നിര്‍ദേശിച്ചതെന്ന് വേണുഗോപാല്‍ പറഞ്ഞതായും ഇ.ഡി വെളിപ്പെടുത്തുന്നു. സംഭാഷണം നടക്കുമ്പോഴെല്ലാം ശിവശങ്കര്‍ കൂടെയുണ്ടായിരുന്നെന്നും വിശദീകരണത്തിലുണ്ട്.
പണം കൈകാര്യം ചെയ്യാന്‍ സ്വപ്നയെ സഹായിക്കണമെന്ന് 20 വര്‍ഷത്തിലധികമായി തനിക്ക് പരിചയമുള്ള അക്കൗണ്ടന്റ് വേണുഗോപാലിന് നിര്‍ദ്ദേശം നല്‍കിയതായി ശിവശങ്കറും സമ്മതിച്ചു കഴിഞ്ഞു. സ്വപ്നയോടൊപ്പം ശിവശങ്കര്‍ ഓഫീസിലത്തിയെന്നും അവരെ തനിക്ക് പരിചയപ്പെടുത്തിയെന്നും സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചുവെന്നും വേണുഗോപാലും വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് ജോയിന്റ് ലോക്കര്‍ ആരംഭിക്കാന്‍ ശിവശങ്കര്‍ ആവശ്യപ്പെട്ടെന്നും, അതനുസരിച്ച് തിരുവനന്തപുരം എസ്.ബി.ഐയില്‍ സ്വപ്നയുമായി ചേര്‍ന്ന് ലോക്കര്‍ തുറന്നുവെന്നും വേണുഗോപാല്‍ പറഞ്ഞതായി ഇഡി വ്യക്തമാക്കി.