പത്തനംതിട്ട: ശബരിമല മകരവിളക്കിനോട് അനുബന്ധിച്ചുള്ള അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ പൂർത്തിയായി. എരുമേലി കൊച്ചമ്പലത്തിൽ നിന്നും ആരംഭിച്ച യാത്ര ശ്രീധർമ്മശാസ്ത്രാക്ഷേത്രത്തിൽ എത്തിച്ചേർന്നതോടെയാണ് പേട്ടതുള്ളൽ പൂർത്തിയായത്. ഉടനെ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കും.

12 മണിയോടെയായിരുന്നു അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിച്ചത്. തുടർന്ന് വാവര് പള്ളിയിൽ പ്രദക്ഷിണം നടത്തി. ഇവിടെ നിന്നും വാവര് സ്വാമിയുടെ പ്രതിനിധി ടിഎച്ച് ആസാദിനെയും കൂടെ കൂട്ടിയാണ് അമ്പലപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് നീങ്ങിയത്.

ആകാശത്ത് ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട് പറന്നതോടെയാണ് പേട്ട ശ്രീധർമ്മശാസ്ത്രാ ക്ഷേത്രത്തിൽ നിന്നും ഇറങ്ങിയത്. സമൂഹ പെരിയോൻ എൻ . ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ളതാണ് അമ്പലപ്പുഴ സംഘം.

കാൽനടയായി ആലങ്ങാട് സംഘം എത്തും. ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തിയ ശേഷമാകും ഇരു സംഘങ്ങളും ചേർന്ന് സന്നിധാനത്തേക്ക് തിരിക്കുക. പരമ്പരാഗത കാനനപാത വഴിയാണ് ഇവരുടെ സന്നിധാനത്തേക്കുള്ള യാത്ര. തുടർന്ന് മകരവിളക്ക് ദിനമായ ജനുവരി 14 ന് സംഘങ്ങൾ സന്നിധാനത്ത് എത്തും.